തൃശൂർ:
ശക്തൻ തമ്പുരാൻ നഗറിൽ കോർപറേഷൻ നിർമിക്കുന്ന ആകാശപ്പാതയുടെ ആദ്യഭാഗങ്ങൾ തൂണിൽ കയറ്റി. ശക്തൻ ജങ്‌ഷന് ചുറ്റുമായി വാർത്തിട്ടിരിക്കുന്ന എട്ടു തൂണുകളിൽ ഒന്നിലാണ് ചൊവ്വാഴ്‌ച പകൽ വൻ ക്രെയിനുകൾ ഉപയോഗിച്ച് നടപ്പാത കയറ്റിവച്ചത്. പത്തുദിവസത്തിനകം നാലു തൂണുകളിൽ കയറ്റും.
ഒരു മാസത്തിനുശേഷം ബാക്കി ഭാഗംകൂടി തൂണിൽ കയറുന്നതോടെ, ആകാശപ്പാതയുടെ ഒന്നാംഘട്ടം പൂർത്തിയാകും. ഭൂമിയിൽനിന്ന് ആറുമീറ്റർ ഉയരത്തിൽ തൂണുകൾ കെട്ടിപ്പൊക്കിയാണ് പാത സ്ഥാപിക്കുന്നത്. പാതയും കൈവരികളും അതിനുമുകളിലുള്ള മേൽക്കൂരയുമടക്കം മൊത്തം ഉയരം പത്തര മീറ്ററാണ്.
തൂണുകൾക്കു മുകളിൽ പാത സ്ഥാപിച്ചശേഷം കൈവരികൾ ഉറപ്പിക്കും, മേൽക്കൂരയും പണിയും. പാതയിലേക്ക് കയറാനുള്ള പടികളും കോൺക്രീറ്റിങ് പണികളും പാതയിൽ വെളിച്ചം ഉറപ്പാക്കാനുള്ള വൈദ്യുതീകരണ പ്രവൃത്തികളും നടത്തും. പാതയിൽ ടൈൽ പാകി, മിനുക്കു പണികൾകൂടി പൂർത്തീകരിച്ച് ആഗസ്‌തിനുമുന്നേതന്നെ ഉദ്‌ഘാടനം നിർവഹിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേയർ എം കെ വർഗീസ് പറഞ്ഞു.