Fri. Nov 22nd, 2024
കാഞ്ഞങ്ങാട്:

ദേശീയ പാതാ വികസനത്തിനായി സ്ഥലമെടുത്തതോടെ നിലനിൽപ്പ് തന്നെ ആശങ്കയിലായ നിലയിലാണ് കാഞ്ഞങ്ങാട് കുളിയങ്കാലിൽ സ്ഥിതി ചെയ്യുന്ന തെരുവത്ത് എയുപി സ്കൂൾ. സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ദേശീയപാതയ്ക്ക് വേണ്ടി പൊളിക്കേണ്ടി വന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. സ്ഥലപരിമിതിയിൽ നട്ടംതിരിയുന്ന സ്കൂളിന്റെ രണ്ട് ക്ലാസ് മുറികളാണ് റോഡ് വികസനത്തിനായി തകർത്തത്.

ക്ലാസ്മുറികൾ പണിയാനുള്ള അസൗകര്യം സ്കൂൾ മാനേജ്മെന്റിന് കടുത്ത തലവേദനയായി മാറിയിരിക്കുകയാണ്. ഇതോടെ സ്കൂൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്‍റ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകി. ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുത്തതോടെ മൈതാനം പോയിട്ട്, മുറ്റം എന്ന് പറയാൻ പോലും ഇവിടെ സ്ഥലസൗകര്യമില്ല.

റോഡ് നിർമ്മാണം കഴിഞ്ഞാൽ സ്കൂൾ കെട്ടിടത്തിനെ മുട്ടിയുരുമ്മിയെന്നോണമാകും സർവീസ് റോഡ് ഉണ്ടാവുക. യുപി സ്കൂളായതിനാൽ റോഡ് തൊട്ടടുത്ത് വരുന്നത് കുട്ടികളുടെ സുരക്ഷയ്ക്കും വെല്ലുവിളിയാണ്. സ്കൂളിന് അടുത്തെങ്ങും സ്ഥലം കിട്ടാനില്ലാത്ത സ്ഥിതിയാണ്. അതിനാൽ സ്ഥലം ഏറ്റെടുത്തുള്ള വികസന പ്രവർത്തനവും അസാധ്യമാണ്.

സ്കൂളിനെ ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള ആലോചനകളാണ് ഇപ്പോൾ പ്രഥമ പരിഗണനയിലുള്ളത്. എന്നാൽ മറ്റൊരിടത്ത് സ്ഥലം വാങ്ങി സ്കൂൾ ആരംഭിക്കാനുള്ള സാമ്പത്തിക ബാധ്യത താങ്ങാൻ മാനേജ്മെന്റിന് സാധിക്കില്ലെന്ന് മാനേജറായ കെവി നാരായണൻ പറഞ്ഞു. ഇതിനാൽ തന്നെ സംസ്ഥാന സർക്കാർ സ്കൂളിനെ ഏറ്റെടുക്കുക മാത്രമാണ് പോംവഴി.

1962 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. ഇന്നിവിടെ 132 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1962 ല്‍ ആരംഭിച്ച സ്കൂളി‍ല്‍ ഇപ്പോള്‍ 134 കുട്ടികള്‍ പഠിക്കുന്നു. ഒന്‍പത് അധ്യാപകരും ഒരു പ്യൂണും അടക്കം പത്ത് ജീവനക്കാരും സ്കൂളിലുണ്ട്.

നിർധന കുടുംബങ്ങളിൽ നിന്നടക്കം വരുന്ന സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. ക്ലാസ് മുറികളുടെ കുറവും ദേശീയപാതാ നിർമ്മാണത്തിന്റെ പൊടിയും മൂലം കുട്ടികൾ വലിയ അസ്വസ്ഥതയാണ് ഇപ്പോൾ നേരിടുന്നത്.