Wed. Jan 22nd, 2025

ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ‘മകള്‍’. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന് പേര് കണ്ടെത്താൻ കാരണമായതാകട്ടെ ജയറാമിന്റെ മകള്‍ മാളവികയും. നടൻ ജയറാം തന്നെയാണ് ഇക്കാര്യെ വെളിപ്പെടുത്തിയത്. മകള്‍ മാളവികയെ താൻ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് സത്യൻ അന്തിക്കാട് ആ പേര് സ്വീകരിച്ചതെന്ന് ജയറാം പറയുന്നു.

സാധാരണ സത്യൻ അന്തിക്കാട് സിനിമകള്‍ക്ക് പേരിടുന്നത് വൈകിയാണ് എന്ന് ജയറാം പറയുന്നു. മനപൂര്‍വമല്ല. ആലോചിച്ചാണ് പേരിടുക. നമ്മുടെ സിനിമയുടെ അവസാന ദിവസം ഞാൻ ചോദിച്ചു. പേര് ആയില്ലേയെന്ന്. ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ മറുപടി.

അന്ന് എന്റെ മകള്‍ ഷൂട്ടിംഗ് കാണാൻ വന്നിരുന്നു. മോള് വന്നതു കാരണം ഷൂട്ട് കാണാൻ കുറെ കുടുംബങ്ങളും എത്തി. ആരാ കൂടെ എന്ന് അവര്‍ ചോദിച്ചപ്പോള്‍ മകളാണ്, എന്റെ മകള്‍ എന്ന് ഞാൻ പറഞ്ഞു. സത്യൻ അന്തിക്കാടും അത് കേട്ടു.

എന്നിട്ട് എന്റെ അടുത്ത് വന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഇതാണ് നമ്മുടെ ടൈറ്റില്‍, ‘മകള്‍’. ഒരു അച്ഛൻ തന്റെ മകളെ ആളുകളുടെ മുന്നില്‍ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് അദ്ദേഹം ചിത്രം പേരിട്ടതാണ്. അങ്ങനെയാണ് മകള്‍ ഉണ്ടായതെന്നും ജയറാം പറഞ്ഞു. ‘രാധേ ശ്യാം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ജയറാം.