Fri. Mar 29th, 2024
റായിപ്പൂര്‍:

ബുധനാഴ്ച ചത്തീസ്ഗഢ് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ കൊണ്ടുവന്നത് പശുച്ചാണകം കൊണ്ട് നിര്‍മ്മിച്ച പെട്ടിയില്‍. 2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ബുധനാഴ്ചയാണ് ധനമന്ത്രി കൂടിയായ ഭൂപേഷ് ഭാഗെല്‍ നിയമ സഭയില്‍ എത്തിയത്. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും, കന്നുകാലി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും തന്‍റെ ബജറ്റ് എന്നാണ് ചത്തീസ്ഗഢ് മുഖ്യമന്ത്രി ബജറ്റിന് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞത്.

2020 ലെ ബജറ്റില്‍ തന്നെ കര്‍ഷകരില്‍ നിന്നും ചാണകം ശേഖരിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ചത്തീസ്ഗഢ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തന്‍റെ സര്‍ക്കാറിന്‍റെ നാലാമത്തെ ബജറ്റാണ് ഭൂപേഷ് ഭാഗെല്‍ അവതരിപ്പിക്കുന്നത്. ‘എക് പാഹല്‍ (‘Ek Pahal’) വനിത സഹകരണ സംഘം നിര്‍മ്മിച്ച പശുചാണകം കൊണ്ടുള്ള പെട്ടിയിലാണ് ഇത്തവണ ബജറ്റുമായി മുഖ്യമന്ത്രി എത്തിയത്.

റായിപ്പൂര്‍ മുനിസിപ്പാലിറ്റിയിലാണ് പെട്ടി നിര്‍മ്മിച്ച വനിത സഹകരണ സംഘം പ്രവര്‍ത്തിക്കുന്നത്. 10 ദിവസം എടുത്താണ് വിവിധ അടരുകളായി ചാണകപ്പൊടി ഉപയോഗിച്ച് പെട്ടി നിര്‍മ്മിച്ചത് എന്നാണ് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചുള്ളാമ്പ് പൊടി, മരത്തടി, മൈദ എന്നിവയും ഈ പെട്ടി നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.