Thu. Dec 19th, 2024
കോഴിക്കോട്:

വനിതാ ദിനത്തില്‍ വനിതകള്‍ക്കായി വീടുകളും തൊഴില്‍ പദ്ധതികളും പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം. അര്‍ഹരായ സ്ത്രീകള്‍ക്കായി 25 വീടുകളും വ്യത്യസ്ത മേഖലകളില്‍ 25 തൊഴില്‍ പദ്ധതികളുമാണ് സംഘടന പ്രഖ്യാപിച്ചത്. കരുത്തേകാം കരുതലാകാം എന്ന തലക്കെട്ടിലാണ് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് വനിതാദിനം ആചരിച്ചത്.

കോഴിക്കോട് നടന്ന പ്രഖ്യാപന പരിപാടി എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സൊസൈറ്റി പ്രസിഡന്‍റ് പി ജാനകി ഉദ്ഘാടനം ചെയ്തു. വനിതകള്‍ക്കായുള്ള 25 ഭവനങ്ങളുടെ പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് പി വി റഹ്മാബി നിര്‍വ്വഹിച്ചു.ഡോ പി എന്‍ അജിത രേഖ ഏറ്റുവാങ്ങി.

പീപ്പിള്‍സ് ഫൌണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ സഫിയ അലി തൊഴില്‍ പദ്ധതികളുടെ പ്രഖ്യാപനം നടത്തി. സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗം രേഖകള്‍ ഏറ്റുവാങ്ങി. ഡല്‍ഹി എയിംസിലെ റിട്ടയേഡ് നഴ്സിംഗ് സൂപ്രണ്ടും ജീവകാരുണ്യ പ്രവര്‍ത്തകയുമായ മണിക്കുട്ടി എസ് പിള്ള , തൃശൂര്‍ എം വി എം ഓര്‍ഫനേജ് മാനേജര്‍ റുഖിയാ റഹീം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.