Thu. Dec 19th, 2024
കോഴിക്കോട്:

സിഎൻജി പ്രതിസന്ധി ജില്ലയിൽ രൂക്ഷമായി തുടരുന്നു. രാത്രി പന്ത്രണ്ടരയ്ക്കും ഒരു മണിക്കുമൊക്കെ ഡ്രൈവർമാർ ഉറക്കമിളച്ച്  ഓട്ടോറിക്ഷയുമായി പമ്പിനുമുന്നിൽ വരി നിൽക്കുകയാണ്. രാത്രി എപ്പോഴാണ് ഗ്യാസുമായി ലോറി വരികയെന്നറിയില്ല. വന്നാൽ ഒന്നര മണിക്കൂറുകൊണ്ട് ഗ്യാസ് വിറ്റുതീരും.

ജില്ലയിലെ സിഎൻജി ക്ഷാമം മൂന്നാഴ്ച പിന്നിടുകയാണ്. ഓരോ ദിവസവും പ്രതിസന്ധി കൂടി വരികയാണെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. കൊച്ചിയിൽനിന്ന് ട്രക്കുകളിലാണ് ഇപ്പോൾ ജില്ലയിലെ ഗ്യാസ് പമ്പുകളിലേക്കുള്ള സിഎൻജി കൊണ്ടുവരുന്നത്.

ഒരു ട്രക്ക് കൊച്ചിയിലെത്തി ഗ്യാസ് നിറയ്ക്കാൻ ആറു മണിക്കൂറെടുക്കും. ഇത്തരത്തിൽ ഒരു ട്രക്ക് കൊച്ചിയിലെത്തി തിരികെയെത്താൻ  12 മണിക്കൂറെങ്കിലും വേണം. ജില്ലയിൽ‍ ആകെ ഒൻപതു ഫില്ലിങ് സ്റ്റേഷനുകൾ മാത്രമാണുള്ളത്.

ഒരു ട്രക്കിൽ ശരാശരി 400 ലോഡ് മാത്രമാണ് ഗ്യാസ് കൊണ്ടുവരിക. ബസ്സുകൾക്കും  കാറുകൾക്കും വലിയ സിഎൻജി ടാങ്കുകളാണുള്ളത്. അതിനാൽ ഇവയിൽ കൂടുതൽ ഗ്യാസ് ശേഖരിക്കാം.

എന്നാൽ ഓട്ടോറിക്ഷകൾക്ക് ശരാശരി അഞ്ചര കിലോ സിഎൻജി നിറയ്ക്കാനുള്ള ടാങ്ക് മാത്രമാണുള്ളത്. അതുകൊണ്ട് ദിവസേന പമ്പിലെത്തി കാത്തുനിൽക്കാതെ നിർവാഹമില്ല. സിഎൻജി പ്രതിസന്ധികാരണം മൂന്നാഴ്ചയായി ഓട്ടോഡ്രൈവർമാർ ഉറക്കമില്ലാതെ ഓടിനടക്കുകയാണ്.

അർധരാത്രിയിലോ പുലർച്ചെയോ സിഎൻജിയുമായി ട്രക്കുകൾ വരുന്നതു കാത്ത് നിൽക്കുകയാണ് ഇവർ. രണ്ടു മണിക്കൂറോളം വരിനിന്നാലാണ് ഗ്യാസ് ലഭിക്കുക. എന്നാൽ വരിയുടെ എറ്റവും പിന്നിലുള്ളവർ‍ രണ്ടുമണിക്കൂർ കാത്തുനിന്ന് പമ്പിലെത്തുമ്പോഴേക്ക് സിഎൻജി തീരുകയും ചെയ്യും.

പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർമാർ സിഎൻജി വിതരണ അധികൃതരെ ബന്ധപ്പെട്ടു. ഉണ്ണികുളത്തെ സിറ്റി ഗേറ്റ് സ്റ്റേഷൻ നിർമാണം പൂർത്തിയായാലേ പ്രതിസന്ധി പരിഹരിക്കാനാവൂ എന്നാണ് അവർ നൽകിയ മറുപടി. ഇതിനു രണ്ടുമാസം കൂടി കാത്തിരിക്കണം.

നിലവിലെ പ്രശ്നം പരിഹരിക്കാൻ കൂടുതൽ ട്രക്കുകളിൽ കൊച്ചിയിൽനിന്ന് ഗ്യാസ് എത്തിക്കണമെന്നാണ് ഓട്ടോഡ്രൈവർമാർ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകുമെന്നും ഡ്രൈവർമാർ പറഞ്ഞു. ഗ്യാസ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നുണ്ട്.