പത്തനംതിട്ട:
സഹോദരങ്ങൾ തമ്മിലുള്ള സ്വത്തുതർക്കംമൂലം വയോധികന്റെ മൃതദേഹം ഏഴുദിവസം കഴിഞ്ഞിട്ടും സ്വന്തം ഭൂമിയിൽ സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. അടൂർ താലൂക്കിലെ അങ്ങാടിക്കൽ മഞ്ഞപ്പുന്ന മുരുപ്പേൽ വിശ്വഭവനത്തിൽ തങ്കമ്മ കൊച്ചുകുഞ്ഞാണ് പരാതിക്കാരി.
തങ്കമ്മയുടെ ഭർത്താവ് കൊച്ചുകുഞ്ഞ് (99) വാർധക്യ സഹജമായ അസുഖത്തെതുടർന്ന് ഈ മാസം ഒന്നിനാണ് മരിച്ചത്. അങ്ങാടിക്കൽ വില്ലേജിൽ ബിഎൽ24ൽ റീസർവേ 53/9ൽ 4ആർ-50 സെന്റ് വസ്തു മരിച്ച കൊച്ചുകുഞ്ഞിന്റെ പേരിലുള്ളതാണ്. കൊച്ചുകുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാൻ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ മകനായ രാജൻ തടസ്സം നിൽക്കുന്നതായാണ് ആരോപണം.
ഭൂമിയിൽ വീട്, മലിനജല ടാങ്ക്, കുളിമുറി, കുടുംബക്ഷേത്രം തുടങ്ങിയവ സ്ഥിതി ചെയ്യുന്നുണ്ട്. തങ്ങൾക്ക് ഈ ഭൂമിയിൽ അവകാശമുണ്ടെന്നും അതിനാൽ മൃതദേഹം സംസ്കരിക്കാൻ കഴിയില്ലെന്നുമാണ് രാജനും കൂട്ടരും പറയുന്നത്.
നിയമപ്രകാരം അതിർത്തി നിർണയിക്കുന്നതിന് അപേക്ഷ നൽകുകയും അതിനായി താലൂക്കിൽ ഫീസ് അടക്കുകയും ചെയ്തു. എന്നാൽ, ആർ ഡി ഒയുടെ ഉത്തരവില്ലാത്തതിനാൽ അളക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. തിങ്കളാഴ്ച ആർ ഡി ഒ ചർച്ചക്ക് വിളിപ്പിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനത്താൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ തങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും പരാതിക്കാരി ആരോപിച്ചു.