തിരുവനന്തപുരം:
അപ്രതീക്ഷിതമായ ലോക്ഡൗണിൽ തകർന്നടിഞ്ഞു പോയ കുറെ ചെറുകിട വനിതാ സംരംഭകർ. സ്തംഭിച്ചു പോയതു പലരുടെയും ജീവനോപാധി. അഭ്യസ്തവിദ്യരും കരിയറിൽ ബ്രേക്ക് എടുക്കേണ്ടി വന്നവരും വീട്ടമ്മമാരുമൊക്കെ ഉണ്ടായിരുന്നു അവരിൽ. മുന്നോട്ടുള്ള വഴികളെല്ലാം അടഞ്ഞു, ഒപ്പം കടബാധ്യതകളും.
അവർക്കു വേണ്ടത് ഒരു കൈത്താങ്ങായിരുന്നു. പിടിച്ചുനിൽക്കാൻ ഒരു ആശയം. ടെക്നോപാർക്കിലെ ഉദ്യോഗത്തിൽ നിന്നു ബ്രേക്ക് എടുത്ത് അകത്തള അലങ്കാരച്ചെടി സംരംഭവുമായി മുന്നോട്ടു പോവുകയായിരുന്ന മമ്ത പിള്ള എന്ന ശ്രീകാര്യം സ്വദേശിനി തല പുകഞ്ഞാലോചിച്ചു.
ആ ചിന്തയിൽ നിന്ന് ഒറ്റരാത്രി കൊണ്ട് ഒരു ഫെയ്സ്ബുക് ഗ്രൂപ്പ് ഉണ്ടായി- ‘ട്രിവാൻഡ്രം ഫ്ലീ മാർക്കറ്റ് ’. സ്ത്രീകൾക്കു വേണ്ടി സ്ത്രീകളുടെ കൂട്ടായ്മ.2020 ജൂലൈയിൽ മമ്ത ഇത് ആരംഭിച്ചത് തനിക്കു നേരിട്ടറിയാവുന്ന, സഹായം അത്യാവശ്യമുള്ള ഏതാണ്ട് 30 ചെറുകിട വനിതാ സംരംഭകരെ അംഗങ്ങളായി ചേർത്താണ്.
സ്വന്തം ഉല്പന്നങ്ങൾ പരിചയപ്പെടുത്താനും ഉപഭോക്താക്കളെ കണ്ടെത്താനും വിറ്റഴിക്കാനുമുള്ള ഓൺലൈൻ പ്ലാറ്റ്ഫോം. ഇത് എത്രമാത്രം സഹായകമാകുമെന്ന് ഒരു ഉറപ്പുമില്ല. പക്ഷേ പിന്നീടങ്ങോട്ട് നടന്നതെല്ലാം അത്ഭുതമായിരുന്നു.
തന്റെ ഗ്രൂപ്പിനെക്കുറിച്ചുള്ള ആമുഖത്തിൽ മമ്ത് പറയുന്നതു പോലെ: ‘‘സ്ത്രീകൾ സ്ത്രീകളെ പിന്തുണയ്ക്കുകയും താങ്ങിനിർത്തുകയും ചെയ്യുമ്പോൾ മായാജാലം സംഭവിക്കും’’. അന്നു മമ്ത നിവർത്തിയ കുടക്കീഴിൽ ഒന്നര വർഷത്തിനിപ്പുറം ഇന്ന് മുന്നൂറോളം വനിതാ സംരംഭകർ സാഭിമാനം, സധൈര്യം ബിസിനസ് നടത്തുന്നു. സ്ത്രീസാഹോദര്യത്തിന്റെ വിജയകഥ.
ആടി ഡിസ്കൗണ്ട് സെയിൽ എന്ന പരീക്ഷണവുമായാണ് ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചതെങ്കിൽ, ഇതുവരെ ഓണം, ക്രിസ്മസ് എന്നു വേണ്ട സകല ആഘോഷങ്ങളും എന്തിന് വാലന്റൈൻസ് ദിനം വരെ ഈ ഗ്രൂപ്പിൽ സജീവ മേളകളാണ്. എഫ്ബി ലൈവ് ആയി ഉല്പന്നങ്ങൾ അവതരിപ്പിച്ചു വിൽക്കുകയെന്ന ആശയവും ഇവിടെ നടപ്പാക്കി.
പരസ്പരം ഉല്പന്നങ്ങൾ വാങ്ങിയും പരമാവധി പ്രചരിപ്പിച്ചും അത്യാവശ്യക്കാർക്കു കൂടുതൽ അവസരമൊരുക്കിയും ഓരോരുത്തരും മറ്റുള്ളവർക്കു വളരാനും അവസരമൊരുക്കുന്നു. കൊവിഡിനെത്തുടർന്നു കടക്കെണിയിൽ പെട്ട് ആത്മഹത്യകൾ പതിവു വാർത്തകളാകുമ്പോൾ, ഇവിടെ സ്ത്രീകൾ സധൈര്യം പുതിയ പുതിയ സംരംഭങ്ങളിലേക്കിറങ്ങുന്നു. ഗ്രൂപ്പിന്റെ വരിക്കാരായ ആറായിരത്തോളം സ്ത്രീകളും അവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാമടങ്ങിയ ഒരു സ്ത്രീലോകം പിന്തുണയ്ക്കുമെന്ന് അവർക്കു വിശ്വാസമുണ്ട്.
വീണ്ടുമൊരു വനിതാ ദിനം വന്നെത്തുമ്പോൾ മമ്തയുടെ സംഘം ഓൺലൈനിൽ നിന്നിറങ്ങി മൂന്നു ദിവസത്തെ പ്രദർശന വിൽപന മേള- ‘വിങ്സ് ഓഫ് പാഷൻ’- ആണു നടത്താൻ പോകുന്നത്. പടിഞ്ഞാറേക്കോട്ടയിൽ മിത്രനികേതൻ പരിപാലിക്കുന്ന തഞ്ചാവൂർ അമ്മവീട് എന്ന ഹെറിറ്റേജ് കെട്ടിടത്തിൽ 11,12,13 തീയതികളിൽ. തുണിത്തരങ്ങളും ചെടികളും അലങ്കാര വസ്തുക്കളും ഹോം മെയ്ഡ് ഭക്ഷ്യോൽപന്നങ്ങളുമെല്ലാമായി വനിതാ സംരംഭകർ അവിടെ അണിനിരക്കും.‘‘നിങ്ങൾ ഒരു സംരംഭക ആണെങ്കിൽ, അല്ലെങ്കിൽ സ്ത്രീകളുടെ ഇത്തരം മുന്നേറ്റങ്ങളെ പിന്തുണയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ ഇതു നിങ്ങളുടെ ഇടമാണ്’’- ട്രിവാൻഡ്രം ഫ്ലീ മാർക്കറ്റിലേക്ക് ഫെയ്സ്ബുക്കിലൂടെ മമ്ത സ്വാഗതം ചെയ്യുന്നു.