Thu. Dec 19th, 2024
കൊച്ചി:

ലോക വനിതാ ദിനമായ ഇന്ന് വനിതജഡ്ജിമാരുടെ ഫുൾബെഞ്ചുമായി ഹൈകോടതി ചരിത്രം കുറിക്കുന്നു. കേരള ഹൈകോടതിയുടെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ചാണ് ഇന്ന് സിറ്റിങ് നടത്തുന്നത്. ചരിത്രത്തിലാദ്യമായാണ് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് ഹൈക്കോടതിയിൽ സിറ്റിങ് നടത്തുന്നത്. ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത, ജസ്റ്റിസ് വി ഷെര്‍സി എന്നിവരടങ്ങിയ ബെഞ്ചാണ് സിറ്റിങ് നടത്തുക.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന, ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് വനിതകളടങ്ങിയ ഫുൾ ബെഞ്ച് പരിഗണിക്കുന്നത്.