മോസ്കോ:
യുക്രെയ്നിൽ സംഘർഷം തുടരുന്നതിനിടെ ചൊവ്വാഴ്ച റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. മോസ്കോ സമയം രാവിലെ 10 മുതൽ കിയവ്, ചെർണിഹിവ്, സുമി, ഖാർകിവ്, മരിയുപോൾ നഗരങ്ങളിൽ അഭയാർത്ഥി ഇടനാഴികൾ ഒരുക്കാൻ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
റഷ്യയും യുക്രെയ്നും തമ്മിൽ തിങ്കളാഴ്ച ബെലാറസിൽ നടന്ന മൂന്നാം വട്ട ചർച്ചയെ തുടർന്നാണ് തീരുമാനം. ചർച്ച പ്രത്യക്ഷത്തിൽ പരാജയത്തിൽ കലാശിച്ചെങ്കിലും ഇന്ത്യക്കാരടക്കമുള്ളവർക്ക് പുതിയ തീരുമാനം ഏറെ പ്രയോജനപ്പെടും.
കൂടിക്കാഴ്ചയിൽ ഇരുപക്ഷവും സിവിലിയൻ ഒഴിപ്പിക്കൽ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. അഭയാർത്ഥി ഇടനാഴി ചൊവ്വാഴ്ച മുതൽ പ്രവർത്തിക്കുമെന്ന് യുക്രെയ്ൻ റഷ്യയ്ക്ക് ഉറപ്പ് നൽകുകയും ചെയ്തു.
‘2022 മാർച്ച് എട്ടിന് മോസ്കോ സമയം രാവിലെ പത്ത് മുതൽ റഷ്യൻ ഫെഡറേഷൻ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മാനുഷിക ഇടനാഴികൾ ഒരുക്കാൻ തയ്യാറുമാണ്. പുലർച്ചെ മൂന്ന് മണിക്ക് മുമ്പ് ഇതിന്‍റെ ആസൂത്രണങ്ങൾ യുക്രെയ്ൻ അറിയിക്കണം’ – റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.