Fri. Nov 22nd, 2024
മോസ്കോ:

യുക്രെയ്നെതിരായ അധിനിവേശത്തിൻ്റെ തിരിച്ചടി അനുഭവിച്ച് തുടങ്ങി റഷ്യൻ ജനത. കരിഞ്ചന്തയിലെ ഊഹക്കച്ചവടം പരിമിതപ്പെടുത്താനും സാധന ലഭ്യത ഉറപ്പാക്കാനുമായി ഭക്ഷ്യവസ്തുക്കളുടെ വിൽപന പരിമിതപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.

ഓരോ വ്യക്തിക്കും വിൽക്കുന്ന സാധനങ്ങളുടെ അളവ് പരിമിതപ്പെടുത്താൻ അനുവദിക്കണമെന്ന ചില്ലറ വ്യാപാരികളെ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ ആവശ്യം മുൻനിർത്തിയാണ് നടപടി. വൻ വിലക്കയറ്റവും ലഭ്യതക്കുറവും ഭയന്ന് ആളുകൾ സാധനങ്ങൾ വളരെയധികം വാങ്ങിക്കൂട്ടുന്നത് ശ്രദ്ധയിൽപെട്ടതായി വ്യാപാര വ്യവസായ മന്ത്രാലയം പറഞ്ഞു.

അവശ്യ സാധനങ്ങളായ റൊട്ടി, അരി, മാവ്, മുട്ട, മാംസം, പാലുൽപന്നങ്ങൾ എന്നിവ വാരാന്ത്യത്തിൽ വൻതോതിൽ ആളുകൾ വാങ്ങിക്കൂട്ടുന്നതായാണ് റിപ്പോർട്ട്. ഫെബ്രുവരി 24ന് യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ കെടുതികളാണ് റഷ്യൻ ജനതയെ ബാധിച്ചുതുടങ്ങിയത്.