Mon. Dec 23rd, 2024
പാലക്കാട്:

റോഡരികത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പാലക്കാട് പുതുനഗരത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം അതിരാവിലെ എസ് ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബാഗ് കണ്ടെത്തിയത്.

സമീപത്ത് വാഹനാപകടം നടന്നിട്ടുണ്ടോ എന്ന സംശയത്തിലായിരുന്നു ആദ്യം പൊലീസ്. തുടര്‍ന്ന് വാഹനം നിര്‍ത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗ് കൈമാറാന്‍ കാത്തു നില്‍ക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് പ്രതി ബാഗ് ഉപേക്ഷിച്ച് ഓടിയാതാവാനാണ് സാധ്യതയെന്ന് പുതുനഗരം പൊലീസ് അറിയിച്ചു.

ചിറ്റൂര്‍ ഡിവൈ എസ് പി സുന്ദരന്‍, പുതുനഗരം ഐ എസ്എച്ച്ഒ ആദംഖാന്‍, എസ് ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ബാഗിനെക്കുറിച്ച് പൊലീസ് സേന അന്വേഷണം നടത്തി വരുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതുനഗരം പൊലീസ് വിവിധ സ്ഥലങ്ങളില്‍ നിന്നായി വന്‍തോതില്‍ കഞ്ചാവു ശേഖരം പിടികൂടി കേസെടുത്തിട്ടുണ്ട്. പുതുനഗരം മത്സ്യ മാര്‍ക്കറ്റിനടുത്ത് പുലര്‍ച്ചെ സമയങ്ങളില്‍ ഇടനിലക്കാര്‍ മുഖേനെ കഞ്ചാവ് വില്‍പ്പന നടത്തുന്നതായും പരാതിയുണ്ട്. പല സ്ഥലങ്ങളിലും വ്യാപകമായി കഞ്ചാവ് കച്ചവടം നടക്കുന്നുണ്ടെന്ന് അറിയിച്ച് നിരവധി ഫോണ്‍കാളുകളാണ് ദിനംപ്രതി പൊലീസ് സ്റ്റേഷനില്‍ വരുന്നത്.