Wed. Jan 22nd, 2025

ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പ്രിയദര്‍ശനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ചലച്ചിത്ര രംഗത്തെ വിശിഷ്ട സേവനങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം. പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കുന്നതിന്‍റെ ചിത്രം മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്‍ സമൂഹമാധ്യത്തിലൂടെ പങ്കുവച്ചിരുന്നു.

മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ മരക്കാര്‍ ആണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായിരുന്ന മരക്കാര്‍ മികച്ച ചിത്രത്തിനുള്ളതുള്‍പ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങളും മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും നേടിയിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ ഏറെക്കാലം റിലീസ് നീട്ടിവെക്കപ്പെട്ടിരുന്ന ചിത്രം പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ 2ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ലോകമാകെ 4100 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. റിലീസിനു മുന്‍പുതന്നെ പ്രീ ബുക്കിംഗിലൂടെ മാത്രം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു.