Mon. Dec 23rd, 2024
കോഴിക്കോട്:

കെ എസ് ആര്‍ ടി സി ബസില്‍ ലൈംഗിക അതിക്രമമെന്ന് പരാതി. കോഴിക്കോട്ടെ ഒരു അധ്യാപികയാണ് തനിക്ക് നേരിട്ട ദുരനുഭവം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്.

പരാതി നല്‍കിയിട്ടും കണ്ടക്ടര്‍ നോക്കി നിന്നുവെന്നും ഇവര്‍ ആരോപിച്ചു. തനിക്ക് നേരിട്ട അതിക്രമത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അധ്യാപിക പറഞ്ഞു. അതിക്രമത്തെക്കാള്‍ തന്നെ വേദനിപ്പിച്ചത് താന്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ പിന്തുണ നല്‍കാതിരുന്ന കണ്ടക്ടറുടെ പെരുമാറ്റമാണെന്ന് ഇവര്‍ പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ടവര്‍ കൂടെ നില്‍ക്കാതെ കുറ്റപ്പെടുത്തുമ്പോള്‍ അതിക്രമം നേരിട്ട സ്ത്രീകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നുവെന്നാണ് അധ്യാപിക പറഞ്ഞത്. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തത് തന്റെ തെറ്റാണെന്ന വിധത്തില്‍ ബസിലുളളവര്‍ സംസാരിച്ചത് മനോവിഷമം ഉണ്ടാക്കിയെന്നു അധ്യാപിക കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അധ്യാപികയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സഹയാത്രികനെതിരെ ഉടന്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും അധ്യാപിക അറിയിച്ചു.