തൃശൂർ:
നഗരത്തിലെ മാലിന്യ പ്രശ്നം പരിഹാരമില്ലാതെ തുടരുന്നു. അതേസമയം, കാലാകാലങ്ങളായി കോർപറേഷൻ ലക്ഷങ്ങൾ മുടക്കി വാങ്ങിക്കൂട്ടിയ യന്ത്രങ്ങളും ചവറ്റുകൊട്ടകളും മറ്റൊരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. ജൈവമാലിന്യം സംസ്കരിക്കാനായി കോർപറേഷൻ കണ്ടെത്തിയ കുരിയച്ചിറ അറവുശാലയിലെ സ്ഥലത്ത് മാലിന്യം കുന്നുകൂട്ടിയിട്ടതിൽ പരിസരവാസികൾ പ്രതിഷേധത്തിലാണ്. ദുർഗന്ധം രൂക്ഷമായതാണു കാരണം.
നാട്ടുകാരുടെ എതിർപ്പുള്ളതിനാൽ ഇപ്പോൾ മാലിന്യം എവിടേക്കു കൊണ്ടുപോകണമെന്നറിയാത്ത അവസ്ഥയിലാണു കോർപറേഷൻ. ലാലൂരിലെ മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടുന്ന സമയത്ത് വികേന്ദ്രീകൃത സംസ്കരണം എന്ന ആശയം ശക്തിപ്പെടുത്തിയിരുന്നു. വീടുകളിലേക്കും അപ്പാർട്മെന്റുകളിലേക്കും ചവറ്റുകുട്ടകളും മറ്റും നൽകി.
ബയോഗ്യാസ് പ്ലാന്റിനു സബ്സിഡിയും പ്രഖ്യാപിച്ചു. കുറച്ചുനാൾ കാര്യങ്ങൾ നേർദിശയിൽ പോയി. ഇതിൽ നിന്നു പിന്നോട്ടു പോയതോടെ മാലിന്യം വീണ്ടും തെരുവിലേക്കെത്തി.
കോർപറേഷൻ തന്നെ കുടുംബശ്രീകൾ വഴിയും മറ്റും ശേഖരിച്ച് പലയിടത്തായി കൂട്ടിയിടുന്ന സ്ഥിതിയായി. പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കാനുള്ള ശ്രമങ്ങളും വിലപ്പോയില്ല. പ്ലാസ്റ്റിക് മാലിന്യം അതിരാവിലെ റോഡിലിട്ടു കത്തിക്കുന്നതും പതിവായിരിക്കുന്നു.
നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ശക്തനിലെ ജൈവമാലിന്യ പ്ലാന്റ് ഇപ്പോൾ മാലിന്യക്കൂമ്പാരമായി മാറി. മാലിന്യത്തിൽ നിന്നു വളം ഉൽപാദിപ്പിച്ചു പുറത്തേക്കു നൽകിയിരുന്നതാണ്. പ്ലാസ്റ്റിക് പൊടിച്ചു ടാറിങ്ങിനു നൽകാനായി കോർപറേഷൻ വാങ്ങിയ യന്ത്രം ഇപ്പോൾ എവിടെയാണെന്നു പോലുമറിയില്ല.
കുരിയച്ചിറയിലെ അറവുശാലയ്ക്കു സമീപം നൂറുകണക്കിനു വലിയ ചവറ്റുകൊട്ടകളാണു തുരുമ്പെടുത്തു കിടക്കുന്നത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കോർപറേഷൻ വാങ്ങിക്കൂട്ടിയവയാണ് ഇവ.