കൊല്ലം:
വേനൽച്ചൂടിൽനിന്ന് ആശ്വാസം പകരാൻ തൊഴിലുറപ്പു തൊഴിലാളികൾ ജില്ലയിൽ നിർമിച്ചത് 105 കുളം. ഏഴു പൊതുകുളം നവീകരിക്കുകയും ഒരു പൊതുകുളം നിർമിക്കുകയുംചെയ്‌തു. 68 പഞ്ചായത്തിലായി നിർമിച്ച കുളങ്ങളിലായി 10 ലക്ഷം ക്യുബിക് മീറ്റർ വെള്ളം സംഭരിക്കാനാകും.
കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കും ഭൂഗർഭജലം പിടിച്ചുനിർത്താനും ലക്ഷ്യമിട്ടാണ് കുളങ്ങൾ നിർമിച്ചത്. പത്ത് കോടിയിൽപ്പരം രൂപ ചെലവഴിച്ച് രണ്ട് സെന്റുവരെ വലിപ്പമുള്ള കുളങ്ങളാണ് നിർമിച്ചത്. നവീകരിച്ച പല കുളങ്ങളും 2021ൽ പദ്ധതി തുടങ്ങുമ്പോൾ വെള്ളമില്ലാതെയും വറ്റിവരണ്ടും കാടുകയറിയും നാശത്തിന്റെ വക്കിലായിരുന്നു.
ഒരു കിലോമീറ്റർ ചുറ്റളവിൽ കിണറുകളിൽ ജലം ലഭ്യമാക്കാൻ കഴിയുന്ന തരത്തിൽ കിണർ റീചാർജിങ്ങും സുഗമമായി നടക്കുന്നു. പദ്ധതിയിലെ ഓരോ കുളവും മണ്ണെടുത്ത് ആഴംകൂട്ടി, കയർ ഭൂവസ്‌ത്രം വിരിച്ച് രാമച്ചവും നട്ടുപിടിപ്പിച്ചാണ് സംരക്ഷിച്ചത്. കൃഷിവകുപ്പ്, ഫിഷറീസ്‌വകുപ്പ് എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് കുളങ്ങൾ നിർമിച്ചത്.
കൃഷിക്ക് ആവശ്യമായ വെള്ളം നൽകാൻ റെഗുലേറ്റർ വാൽവ് ഒരുക്കാനും തൊഴിലുറപ്പു തൊഴിലാളികൾ രംഗത്തുണ്ട്. നിർമിച്ച 40 കുളങ്ങളിൽ മത്സ്യക്കൃഷി പുരോഗമിക്കുന്നു. കുളത്തിന്റെ നടത്തിപ്പുകാരായ പഞ്ചായത്തുകളിൽനിന്ന് ലേലം നടത്തിയാണ് മത്സ്യക്കൃഷിക്ക് കുളം വിട്ടുനൽകിയത്.
മറ്റിടങ്ങളിൽ ഗുണഭോക്താക്കളുടെ കൂട്ടായ്മയാണ് മത്സ്യക്കൃഷി നടത്തുന്നത്. ഇതിൽ പലതും വിളവെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു.