Wed. Nov 6th, 2024

മൊഹാലിയില്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് സെഞ്ച്വറി. 160 പന്തില്‍ 10 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം സെഞ്ച്വറി നേട്ടത്തിലെത്തിയത്. ജഡേജയുടെ സെഞ്ച്വറിയുടെ കരുത്തില്‍ രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 469 റണ്‍സെന്ന മികച്ച നിലയിലാണ്.

ജഡേജയ്ക്ക് (102) ഒപ്പം ജയന്ത് യാദവ് (2) ആണ് ക്രീസിലുള്ളത്. താരത്തിന്റെ ടെസ്റ്റിലെ രണ്ടാം സെഞ്ച്വറി നേട്ടവും ഉയര്‍ന്ന സ്‌കോറുമാണിത്. 100 റണ്‍സായിരുന്നു ഇതിനു മുന്‍പുള്ള മികച്ച പ്രകടനം.

കളിയുടെ രണ്ടാം ദിനത്തില്‍ അശ്വിന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയത് ഇന്ത്യന്‍ ഇന്നിംഗ്സിനെ കരുത്തുപകര്‍ന്നു. 82 ബോള്‍ നേരിട്ട അശ്വിന്‍ നാല് ബൗണ്ടറികളുടെ സഹായത്താലാണ് 61 റണ്‍സെടുത്തത്. ഏഴാം വിക്കറ്റില്‍ വിലപ്പെട്ട 130 റണ്‍സാണ് അശ്വിനും ജഡേജയും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

ഒന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത് മായങ്ക് അഗര്‍വാള്‍ (33), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (29), ഹനുമാ വിഹാരി (58), വിരാട് കോഹ്ലി (45), റിഷഭ് പന്ത് (96), ശ്രേയസ് അയ്യര്‍ (27) എന്നിവരുടെ വിക്കറ്റുകളാണ്. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയ, സുരംഗ ലക്മല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമാര, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

തുടക്കം മുതല്‍ ആക്രമിച്ചാണ് ഇന്ത്യ കളിച്ചത്. മോശം പന്തുകളെറിഞ്ഞ ശ്രീലങ്ക ഇന്ത്യയെ കയ്യയച്ച് സഹായിക്കുകയും ചെയ്തു. 52 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ ഓപ്പണര്‍മാര്‍ പങ്കാളിയായി. രോഹിത് ശര്‍മ്മയെ പുറത്താക്കിയ ലഹിരു കുമാരയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

കുമാരയെ പുള്‍ ചെയ്ത് സിക്‌സര്‍ നേടാനുള്ള രോഹിതിന്റെ ശ്രമം സുരങ്ക ലക്മലിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. മൂന്നാം നമ്പറില്‍ വിഹാരിയെത്തി. ഈ കൂട്ടുകെട്ട് ഏറെ മുന്നോട്ടുപോയില്ല. 33 റണ്‍സെടുത്ത മായങ്കിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ലസിത് എംബുല്‍ഡേനിയ കൂട്ടുകെട്ട് പൊളിച്ചു.