Fri. May 3rd, 2024
ന്യൂഡൽഹി:

യുക്രൈനിലെ ചില പ്രദേശങ്ങളിലെ റഷ്യൻ വെടിനിർത്തൽ പ്രഖ്യാപനം രക്ഷാദൗത്യങ്ങൾക്ക് പ്രതീക്ഷ പകരുന്നതെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. മരിയോപോൾ, വോൾഡോക്വോ പ്രദേശങ്ങളിലാണ് നിലവിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ സുമി, കാർഖീവ് മേഖലയിൽ വെടിനിർത്തൽ ബാധകമായാൽ മാത്രമേ രക്ഷാദൗത്യത്തിന് വേഗത കൂട്ടാനാകൂ എന്നും വേണു രാജാമണി പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങളാണ് വെടിനിർത്തൽ പ്രഖ്യാപനം റിപ്പോർട്ട് ചെയ്യുന്നത്. യുക്രൈനിലെ സുമി, ഖാർഖീവ്, ലിവീവ് നഗരങ്ങളിലായി മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. പലർക്കും അതിർത്തി പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല.

യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷൻ ഗംഗ വഴി കഴിഞ്ഞ ദിവസങ്ങളിൽ 25000-ത്തോളം ഇന്ത്യക്കാരെ പുറത്ത് എത്തിച്ചെങ്കിലും ഇനിയും രണ്ടായിരത്തോളം വിദ്യാർത്ഥികൾ സുമി, ഖാർകീവ്, എന്നീ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ രക്ഷാദൗത്യം മന്ദ​ഗതിയിലാണെന്നും വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ ഇവരെ സു​ഗമമായി പുറത്തേക്ക് കൊണ്ടു വരാനാവൂ എന്നും ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി യുക്രൈൻ, റഷ്യൻ സ‍ർക്കാരുകളുമായി സമ്പ‍ർക്കം തുടരുകയാണെന്നും ഇന്നലെ സ‍ർക്കാർ അറിയിച്ചിരുന്നു.