കൊച്ചി:
മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക് തുടരും. ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. കേന്ദ്ര നടപടി നേരത്തെ സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹരജികൾ ഡിവിഷൻ ബെഞ്ച് തള്ളി.
ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡും ചാനൽ ജീവനക്കാരും കേരള പത്രപ്രവർത്തക യൂനിയനും നൽകിയ അപ്പീൽ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.
2021 സെപ്റ്റംബർ 29 വരെയാണ് ചാനലിന് സംപ്രേഷണ ലൈസൻസ് ഉണ്ടായിരുന്നത്. പുതുക്കാനായി മെയ് മൂന്നിന് ചാനൽ അപേക്ഷ നൽകി. എന്നാൽ, ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കാതിരിക്കാൻ മതിയായ കാരണം ആവശ്യപ്പെട്ട് 2022 ജനുവരി അഞ്ചിന് കേന്ദ്ര വാർത്താവിനിമയ-സംപ്രേഷണ മന്ത്രാലയത്തിന്റെ കാരണംകാണിക്കൽ നോട്ടിസ് ലഭിച്ചു. ജനുവരി 19ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് മന്ത്രാലയത്തിന് നോട്ടിസിൽ മറുപടിയും നൽകി.
എന്നാൽ, ഒരു മുന്നറിയിപ്പുമില്ലാതെ ജനുവരി 31ന് ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കി മന്ത്രാലയത്തിന്റെ ഉത്തരവ് വന്നു. പിന്നാലെ ചാനൽ ഹൈക്കോടതിയെ സമീപിക്കുകയും കേന്ദ്ര ഉത്തരവ് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവിറക്കുകയും ചെയ്തു.