Fri. Nov 22nd, 2024
കണ്ണൂർ:

കുട്ടികളുടെ ഭക്ഷണ വിതരണത്തിനുള്ള ഫണ്ടിന്റെ അപര്യാപ്തതയിൽ കുടുങ്ങി സ്കൂൾ അധികൃതർ. പൂർണതോതിൽ കുട്ടികളുമായി സ്കൂളുകളിൽ പഠനം പുനരാരംഭിച്ചതോടെ ഭക്ഷണ ഫണ്ടിന്റെ കാര്യത്തിൽ ആശങ്കയിലാണു പ്രധാനാധ്യാപകർ. ആഴ്ചയിൽ ഒരു ദിവസം ഒരു ഗ്ലാസ് പാലും ഒരു മുട്ടയും ദിവസേന ഉച്ചഭക്ഷണവുമാണ് 1 മുതൽ 8 വരെയുള്ള കുട്ടികൾക്കു സ്കൂളുകളിൽ നിന്നു സൗജന്യമായി നൽകുന്നത്.

ചോറും കറിയും ധാന്യം ഉൾപ്പെട്ടെ മറ്റൊരു കറിയും ഉൾക്കൊള്ളുന്നതാണ് ഉച്ചഭക്ഷണം. 2020ൽ കൊവിഡ് പ്രതിസന്ധിയിൽ അടഞ്ഞ സ്കൂളുകൾ ഇക്കഴിഞ്ഞ നവംബറിൽ തുറന്നതു മുതൽ കുട്ടികൾക്കു ഭക്ഷണം സ്കൂളുകളിൽ നിന്നു നൽകി വരുന്നുണ്ട്. കഴിഞ്ഞ മാസം വരെ ആഴ്ചയിൽ 2 ദിവസം നൽകിയിരുന്ന പാൽ ഒരു ദിവസമായി വെട്ടിക്കുറച്ചിട്ടുണ്ട്.

ഉച്ചഭക്ഷണ പട്ടികയിലുള്ള ആദ്യത്തെ 180 കുട്ടികൾക്ക് 8 രൂപ നിരക്കിലും പിന്നീടു പട്ടികയിൽ 350 വരെയുള്ള കുട്ടികൾക്ക് 7 രൂപ നിരക്കിലും പിന്നീടുള്ള കുട്ടികൾക്ക് 6 രൂപ നിരക്കിലുമാണു ഭക്ഷണത്തിനുള്ള ഫണ്ട് സർക്കാർ നൽകുന്നത്. പാചക വാതകം, പാചകക്കാർക്കുള്ള കൂലി എന്നിവ കൂടിയാകുമ്പോൾ ലഭിക്കുന്ന ഫണ്ട് തികയാതെ വരുന്നതായി പ്രധാനാധ്യാപകർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും സ്വന്തം കീശയിൽ നിന്നു പണം ചെലവിടേണ്ടി വരുന്ന സ്ഥിതിയിലാണ് പ്രധാനാധ്യാപകർ. മാസത്തിൽ ചുരുങ്ങിയത് 2 ഗ്യാസ് സിലിണ്ടർ എങ്കിലും വേണ്ടി വരുന്നുണ്ട്.

ഒരാൾക്ക് ചുരുങ്ങിയത് 12 രൂപയെങ്കിലും ആക്കണമെന്നും പ്രധാനാധ്യാപകർ ആവശ്യപ്പെടുന്നു. കേന്ദ്ര–സംസ്ഥാന സർക്കാർ നൽകുന്ന ഫണ്ടാണ് ഭക്ഷണവിതരണത്തിനു നൽകുന്നത്. പ്രധാനാധ്യാപകൻ മുഖേന നൽകുന്ന, സാധനങ്ങളുടെ ബിൽ തുക എഇഒ തലത്തിൽ പാസാക്കി ട്രഷറിയിലൂടെ പ്രധാനാധ്യാപകന്റെ സ്കൂൾ ബാങ്ക് അക്കൗണ്ടിലാണ് എത്തുന്നത്.

ഫണ്ട് നിശ്ചിത തീയതിയിൽ എത്താറില്ല. വൈകി കിട്ടുന്ന തുക തികയാറുമില്ല. ഇതോടെ കാശ് കണ്ടെത്താനാകാതെ സ്വന്തം കാശ് നൽകേണ്ട ഗതികേടിലാണു പ്രധാനാധ്യാപകർ.