ന്യൂഡൽഹി:
യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ നിന്ന് എല്ലാ ഇന്ത്യക്കാരേയും ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗ്ല അറിയിച്ചു. യുക്രെയ്നിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് നീങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അയക്കും.
ഇതിനായി റുമേനിയിലെ ബുചാറസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ് എന്നിവിടങ്ങളും പോളണ്ടിലെയും, സ്ലോവക് റിപ്പബ്ലികിലെ വിമാനത്താവളങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒഴിപ്പിക്കൽ നടപടി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നത തല യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിയവിൽ നിന്ന് മുഴുവൻ ഇന്ത്യക്കാരേയും ഒഴിപ്പിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം ഇന്ത്യൻ എംബസി അടച്ചതായും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
പടിഞ്ഞാറൻ മേഖലയിലെ ലവിവിൽ എംബസി പ്രവർത്തിക്കും. അംബാസിഡറും ഉദ്യോഗസ്ഥരും ലവിവിലേക്ക് തിരിച്ചിട്ടുണ്ട്.