കോഴിക്കോട്:
ആകാശവാണി കോഴിക്കോട് നിലയം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ ജനപ്രതിനിധികളുടെയും മറ്റും ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരമുണ്ടാക്കാൻ കോഴിക്കോട് ആകാശവാണി ലിസനേഴ്സ് ഫോറം എന്നപേരിൽ കർമസമിതി പ്രവർത്തനം തുടങ്ങി. 38 വർഷം പഴക്കമുള്ള എ എം ട്രാൻസ്മിറ്റർ മാറ്റി ആധുനിക എഫ് എം ട്രാൻസ്മിറ്റർ സ്ഥാപിക്കണമെന്ന് കർമസമിതി ആവശ്യപ്പെട്ടു. പുതിയ എഫ് എം ട്രാൻസ്മിറ്റർ, നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന മെഡിക്കൽ കോളജിനടുത്തുള്ള ദൂരദർശൻ ടവറിൽ സ്ഥാപിച്ചാൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകൾക്കുപുറമെ കണ്ണൂരിന്റെ കുറെ ഭാഗങ്ങളിലും പ്രക്ഷേപണത്തിന് കവറേജ് കിട്ടും.
നിലവിൽ ജീവനക്കാരുടെ അപര്യാപ്തതമൂലം പല പ്രാദേശിക പരിപാടികളും നിർത്തലാക്കുകയോ തിരുവനന്തപുരം നിലയത്തിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്. ആവശ്യമായ പ്രോഗ്രാം സ്റ്റാഫിനെയും മറ്റു ജീവനക്കാരെയും നിയമിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം തുടങ്ങാനും കർമസമിതി തീരുമാനിച്ചു. ഇതിന് മുന്നോടിയായി ജില്ലയിലെയും സമീപത്തെയും മുഴുവൻ എം പിമാർക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.
പ്രസാർ ഭാരതി, ആകാശവാണി ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പരിഹാരമില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും. യോഗത്തിൽ ചെയർമാൻ ആർ. ജയന്ത് കുമാർ അധ്യക്ഷത വഹിച്ചു. ടിപിഎം. ഹാഷിർ അലി, എ വി റഷീദ് അലി, പിടി ആസാദ്, യു അഷ്റഫ്, അഡ്വ എ കെ ജയകുമാർ, കെ പി അബൂബക്കർ എന്നിവർ സംസാരിച്ചു.