Wed. Jan 22nd, 2025
കാലിഫോർണിയ:

കാലിഫോർണിയയിലെ സാക്രമെന്റോയിൽ പള്ളിയിൽ മൂന്ന് മക്കളെ വെടിവെച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഈ നാലുപേരെ കൂടാതെ ഒരു മുതിർന്ന ആൾകൂടി വെടിയേറ്റ് മരിച്ചതായും പൊലീസ് പറഞ്ഞു.

പക്ഷേ ഈ വ്യക്തി ആണാണോ പെണ്ണാണോ, മരിച്ച മറ്റ് നാലുപേരുമായുള്ള ബന്ധത്തെ കുറിച്ചോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതേ സമയം മരിച്ച നാലാമത്തെ വ്യക്തി കുട്ടികളുടെ അമ്മയാണെന്ന് പ്രാദേശിക ടെലിവിഷൻ സ്റ്റേഷനായ കെ ടി വി യു പറഞ്ഞു.

മരിച്ച മൂന്ന് കുട്ടികളും 15 വയസ്സിന് താഴെയുള്ളവരാണെന്ന് സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസിലെ സർജന്റ് റോഡ് ഗ്രാസ്മാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്വയം വെടിവെക്കുന്നതിന് മുമ്പ് അയാൾ കുട്ടികളെയടക്കം നാലുപേരെ വെടിവെച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.

ഗാർഹിക പ്രശ്‌നങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്നും മറ്റാർക്കും സംഭവത്തിൽ പങ്കില്ലെന്നും പൊലീസ് പറഞ്ഞു.