Wed. Jan 22nd, 2025
കോട്ടയം:

കോട്ടയം പൂഞ്ഞാറിൽ കോടതി ജീവനക്കാരിയെ ആക്രമിച്ച അച്ഛനും മകനും അറസ്റ്റിൽ. പൂഞ്ഞാർ സ്വദേശികളായ ജയിംസിനെയും മകൻ നിഹാലിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് വിവാഹമോചന കേസിനെ കുറിച്ചുള്ള കോടതി നിർദ്ദേശം അറിയിക്കാൻ എത്തിയ കോടതി ആമീനായ റിൻസി എന്ന യുവതിയെ ഇരുവരും ചേർന്ന് ആക്രമിച്ചത്.

നിഹാൽ റിൻസിയുടെ കൈ പിടിച്ച് തിരിക്കുകയും ഐഡി കാർഡ് പിടിച്ചുപറിക്കുകയും ജയിംസ് കല്ലെടുത്ത് ഇവരെ ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവാഹമോചനക്കേസിൽ കക്ഷിയായ യുവതിയുടെ അച്ഛനും സഹോദരനുമാണ് ജയിംസും നിഹാലും. തലയോലപ്പറമ്പ് സ്വദേശിയായ യുവാവും പൂഞ്ഞാർ സ്വദേശിനിയും തമ്മിലുള്ള വിവാഹമോചന കേസ് പാലാ കുടുംബ കോടതിയിലാണ്. ദമ്പതികളുടെ കുട്ടിയെ യുവാവിനെ കാണിക്കണമെന്ന് ഉത്തരവ് കൈമാറാൻ എത്തിയപ്പോഴായിരുന്നു കോടതി ജീവനക്കാർക്കെതിരെയുള്ള ആക്രമണം.

കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉത്തരവ് കൈപ്പറ്റാത്തതുകൊണ്ടാണ് ആമീൻ റിൻസി നേരിട്ട് യുവതിയുടെ വീട്ടിലെത്തിയത്. യുവാവിനും സഹോദരിക്കും ഒപ്പമാണ് കോടതി ജീവനക്കാരി എത്തിയത്. ആമീൻ യുവാവിന്‍റെ ആളെന്ന് പറഞ്ഞായിരുന്നു പിതാവ് ജെയിംസിന്‍റെയും സഹോദരൻ നിഹാലിന്‍റെയും കയ്യേറ്റം.

ജെയിംസ് കല്ലുകൊണ്ട് യുവതിയെ ആക്രമിക്കാനും ശ്രമിച്ചു. കൈ പിടിച്ചു തിരിക്കുകയും ചെയ്തു. വിവാഹമോചന കേസിൽ കക്ഷിയായ പൂഞ്ഞാർ സ്വദേശിനിയായ യുവതി ജർമനിയിൽ നഴ്സാണ്. യുവതി വീട്ടിൽ ഇല്ലാത്തതുകൊണ്ടാണ് ഉത്തരവ് കൈപ്പറ്റാത്തത് എന്നാണ് വീട്ടുകാരുടെ വിശദീകരണം. എന്നാൽ യുവതിയും കുട്ടിയും നാട്ടിൽ ഉണ്ടെന്നാണ് യുവാവ് പറയുന്നത്.