Thu. Apr 25th, 2024
ഒഡീഷ:

ജവാദ് ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള ഗ്രാമങ്ങളിൽ നിന്ന് ഗർഭിണികളെ ആശുപത്രിയിലേക്ക് മാറ്റി ഒഡീഷ സർക്കാർ. വിവിധ ജില്ലകളിൽ നിന്നാണ് 400ലധികം ഗർഭിണികളെയാണ് സർക്കാർ മുൻകയ്യെടുത്ത് ആശുപത്രികളിലേക്ക് മാറ്റിയത്. ജവാദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത് എത്താൻ സാധ്യതയുളളതിനാൽ മൂന്ന് ജില്ലകളിൽ നിന്നും 54,008 പേരെ മാറ്റിപ്പാർപ്പിച്ചു.

ചുഴലിക്കാറ്റിനെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ടാണ് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ശ്രീകാകുളം ജില്ലയിൽ നിന്ന് 15,755 പേരെയും വിജയനഗരത്ത് നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയും രക്ഷാസംഘം ഒഴിപ്പിച്ചു. ശക്തമായ മഴ പ്രവചിക്കപ്പെട്ടതിനാൽ ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്തിന്റെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗ്മേഹൻ റെഡ്ഡി നിർദ്ദേശം നൽകി. ഈ മൂന്ന് ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, ചുഴലിക്കാറ്റ് സാധ്യതയുള്ള ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം, ഈസ്റ്റ്, വെസ്റ്റ് ഗോദാവരി ജില്ലകളിലെ കളക്ടർമാരുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ് മോഹൻ റെഡ്ഡി അവലോകന യോഗം നടത്തി. തീരദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാനും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംസ്ഥാന സർക്കാർ 197 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതിൽ 79 ദുരിതാശ്വാസ ക്യാമ്പുകൾ ശ്രീകാകുളത്തും 54 ദുരിതാശ്വാസ ക്യാമ്പുകൾ വിജയനഗരത്തും 64 എണ്ണം വിശാഖപട്ടണത്തുമാണ്.