Sun. Dec 22nd, 2024
ന്യൂഡൽഹി:

ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് കേന്ദ്രം. വിദേശത്ത് നിന്നും എത്തുന്നവരുടെ ഹോം ഐസൊലേഷനും ഹോട്ട്‌സ്‌പോട്ടുകളുടെ നിരീക്ഷണവും ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം വീടുകൾ തോറുമുള്ള വാക്സിനേഷൻ ക്യാമ്പ് ഡിസംബർ 31 വരെ നീട്ടാനും കേന്ദ്രം തീരുമാനിച്ചു.

തീവ്രമായ നിയന്ത്രണങ്ങൾ, സജീവമായ നിരീക്ഷണം, വാക്‌സിൻ കവറേജ് വ്യാപകമാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംസ്ഥാങ്ങൾക്ക് നിർദേശം നൽകി. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണം. നാളെ മുതൽ അന്താരാഷ്ട്ര വിമാനയാത്രക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

നിലവിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിളിച്ചു ചേർത്ത സംസ്ഥാനങ്ങളുടെ യോഗത്തിലാണ് നിർദേശം. ഓരോ സംസ്ഥാനവും പുതിയ വകഭേദത്തിനെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കമുള്ള വിശദാംശങ്ങൾ യോ​ഗത്തിൽ ചർച്ച ചെയ്തു.