തിരുവനന്തപുരം:
കൊവിഡ് പ്രതിസന്ധി നാളുകളിലും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ സിനിമാ മേഖലയിലുള്ളവർ വ്യാപൃതരാകുന്നുവെന്നത് പ്രത്യാശ പകരുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിശാഗന്ധി ഓഡിറ്റോറിയത്തിൽ 51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് മഹാമാരി സിനിമ മേഖലയെ പ്രതിസന്ധിയിലാക്കിയ 2020ൽ നൂറ് സിനിമകൾ സെൻസർ ചെയ്യപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. ഇതിൽ 80 എണ്ണം ചലച്ചിത്ര പുരസ്കാരത്തിന് സമർപ്പിക്കപ്പെട്ടു.
ഇവയിൽനിന്ന് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കേരളീയ സമൂഹത്തിൻ്റെ പുരോഗമനപരമായ പ്രയാണത്തിന് സാംസ്കാരിക ഊർജം പകരുന്നവയാണ്. മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരം നേടിയവ സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നുവെന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷതവഹിച്ചു. ജെ സി ഡാനിയേൽ പുരസ്കാരവും ടെലിവിഷൻ മേഖലയിൽ നൽകുന്ന ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരവും ഇത്തവണ പ്രത്യേകം ചടങ്ങിൽ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.