Sun. Jan 19th, 2025
പോത്തൻകോട്:

ലൈഫ് പദ്ധതിയിൽ വീടിന് നൽകിയ അപേക്ഷയിൽ അധികൃതർ പരിശോധിക്കാനെത്തി അറ്റകുറ്റപ്പണികൾ മതി എന്നു നിർദ്ദേശിച്ചു മടങ്ങിയതിനു പുറകെ കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു. മംഗലപുരം പഞ്ചായത്തിൽ തോന്നയ്ക്കൽ ഇടയാവണം ഇടയാവണത്ത് വീട്ടിൽ വിക്രമൻ ആചാരിയുടെ ഇന്നലെ ഞായർ രാത്രി 10.30തോടെ ഇടിഞ്ഞു വീണത്. വീടിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്നു കുടുംബം.

ഉഗ്ര ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുകയായിരുന്നു. പേടിച്ച് ഓടിമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു ഇവർ ഓട്ടോറിക്ഷാ തൊഴിലാളിയായ വിക്രമൻ ആചാരിയും ഭാര്യയും മകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവ ദിവസം പകലാണ് അധികൃതർ വീട് പരിശോധനയ്ക്കെത്തിയത്. ഇതിൽ അറ്റകുറ്റപ്പണി മതിയാകും എന്നു പറഞ്ഞാണ് അവർ മടങ്ങിയത്.

വാർഡംഗം എസ് ശ്രീലത, മേൽതോന്നയ്ക്കൽ വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇവരെ ലൈഫ് പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി വീടു നൽകുമെന്ന് മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അറിയിച്ചു.