Mon. Dec 23rd, 2024
ഡൽഹി:

വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷക വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ ചർച്ചകളെ ഭയപ്പെടുന്നുവെന്നും തെറ്റ് ചെയ്തതു കൊണ്ടാണ് കേന്ദ്രം ചർച്ചകളിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

മാപ്പ് പറഞ്ഞതോടെ പ്രധാനമന്ത്രി കുറ്റകാരനെന്ന് സമ്മതിച്ചുവെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയതോടെ രാഷ്ട്രപതി ഒപ്പിട്ടാൽ നിയമം റദ്ദാകും. ലോക്സഭയും രാജ്യസഭയും ചർച്ച കൂടാതെയാണ് ബിൽ പാസാക്കിയത്.

ബില്ലിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, ചർച്ചയുടെ ആവശ്യമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. കർഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.