തിരുവനന്തപുരം:
സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം തുടരാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ). ഇക്കാര്യം വ്യക്തമാക്കി ആർ ബി ഐ പത്രപരസ്യം പുറത്തിറക്കുകയും ചെയ്തു.
സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും കുറിപ്പില്‍ വ്യക്തമാക്കി.
സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആർ ബി ഐ വ്യക്തമാക്കുന്നു. കേരളം ശക്തമായി എതിർക്കുന്ന വ്യവസ്ഥകളിൽനിന്ന് പിന്നോട്ടില്ലെന്നാണ് ആർ ബി ഐ യുടെ ഈ നിലപാടിൽ നിന്നുള്ള സൂചന.
2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമ പ്രകാരം റിസര്‍വ് ബാങ്ക് അനുമതിയില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍ എന്നീ വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ലെന്നും ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരിെൻറ കൂടെ ബാങ്കര്‍ എന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആർ ബി ഐ പരസ്യത്തില്‍ പറയുന്നു. ഇത്തരം ബാങ്കുകള്‍ക്ക് ബി ആര് ആക്ട് 1949 പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ല.
ഇവയെ ബാങ്കിങ് ബിസിനസ് നടത്തുന്നതിന് ആർ ബി ഐ അധികാരപ്പെടുത്തിയിട്ടില്ല. ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരൻറി കോർപറേഷെൻറ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ലെന്നും ചീഫ് ജനറല്‍ മാനേജര്‍ വ്യക്തമാക്കി.