ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. നാലാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ശ്രേയാസ് അയരും (18), ആർ അശ്വിനും (20) ക്രീസിൽ തുടരുകയാണ്. 133 റൺസാണ് നിലവിൽ ഇന്ത്യയുടെ ലീഡ്. സാഹ പരുക്കേറ്റ് പുറത്തായതിനാൽ ഒരു ബാറ്റർ കുറവാണെന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.
ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്. ശുഭ്മൻ ഗിൽ ആണ് മൂന്നാം ദിനം പുറത്തായത്. ജമീസണെതിരെ ബൗണ്ടറിയടിച്ച് പോസിറ്റീവായി ബാറ്റിങ് ആരംഭിച്ച പൂജാര ഒടുവിൽ ജമീസണു മുന്നിൽ തന്നെ വീണു. 22 റൺസെടുത്ത ഇന്ത്യയുടെ മൂന്നാം നമ്പർ താരത്തെ ടോം ബ്ലണ്ടൽ പിടികൂടുകയായിരുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (4) വേഗം മടങ്ങി. രഹാനെയെ അജാസ് പട്ടേൽ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. തുടർന്ന് ഒരു ഓവറിൽ മായങ്ക് അഗർവാളിനെയും (17) രവീന്ദ്ര ജഡേജയെയും (0) പുറത്താക്കിയ ടിം സൗത്തി ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിവിട്ടു. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ശ്രേയാസ് അയ്യർ-ആർ അശ്വിൻ സഖ്യമാണ് ഇന്ത്യയെ കൈപിടിച്ചുയർത്തിയത്. ഇരുവരും ചേർന്ന് ഇതുവരെ 33 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയിട്ടുണ്ട്.
ഒന്നാം ഇന്നിംഗ്സിൽ ന്യൂസീലൻഡ് 296 റൺസിന് എല്ലാവരും പുറത്തായി. 5 വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലാണ് കിവീസിനെ തകർത്തത്. 95 റൺസെടുത്ത ടോം ലതം കിവീസ് ടോപ്പ് സ്കോററായപ്പോൾ വിൽ യങും (89) തിളങ്ങി.
ഓപ്പണർമാരെക്കൂടാതെ വേറെ ഒരാൾക്കും ന്യൂസീലൻഡ് നിരയിൽ തിളങ്ങാനായില്ല. ഓപ്പണർമാർ കഴിഞ്ഞാൽ 23 റൺസെടുത്ത 8ആം നമ്പർ താരം കെയിൽ ജമീസൺ ആണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി അക്സർ പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ 3 വിക്കറ്റ് വീഴ്ത്തി. നിലവിൽ ഇന്ത്യക്ക് 49 റൺസ് ലീഡാണ് ഉള്ളത്.