Sat. Apr 20th, 2024
ന്യൂഡൽഹി:

വിവാദ കാർഷിക നിയമം പാസാക്കിയതിന് പ്രധാനമന്ത്രി പാർലമെന്‍റില്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം. വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സ്‍പീക്കര്‍ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പട്ടു. പ്രധാനമന്ത്രി ഇരുസഭകളിലും ക്ഷമ ചോദിക്കണം എന്നാണ് ആവശ്യം.

താങ്ങുവിലയ്ക്ക് സംരക്ഷണം നല്‍കാനുള്ള നിയമം അജണ്ടയിൽ ഉണ്ടാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. നാളെ മുതൽ അടുത്ത മാസം 23 വരെ നീണ്ടുനില്‍ക്കുന്ന പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ലിലാണ് ഏവരുടെയും കണ്ണ്.

നാളെ ലോക്സഭയിലും ബുധനാഴ്ച രാജ്യസഭയിലും ബില്ല് പാസാക്കും. എന്നാൽ നിയമങ്ങൾ കൊണ്ടുവന്നത് പിഴവെന്ന് അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. ബില്ലിന്‍റെ ലക്ഷ്യങ്ങളിൽ മൂന്ന് നിയമങ്ങളും കാർഷിക വളർച്ചയ്ക്ക് കൊണ്ടുവന്നതെന്നാണ് സർക്കാർ ന്യായീകരണം. ചെറിയ ഗ്രൂപ്പാണ് എതിർപ്പുയർത്തിയത്. രാജ്യവികസനത്തിൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകണം. അതുകൊണ്ടാണ് ചെറിയ ഗ്രൂപ്പ് എതിർത്തെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.