വയനാട്:
വയനാട്ടില്‍ കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണിത്. ഇതനുസരിച്ച് സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉദാരമായ സമീപനം സ്വീകരിക്കും.
വയനാട് ജില്ലയിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങള്‍ സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍ അഭ്യര്‍ത്ഥിച്ചു.
താല്‍പര്യമുള്ള മാവോയിസ്റ്റുകള്‍ക്ക് ജില്ലാ പൊലീസ് മേധാവിയേയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളേയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളേയോ ബന്ധപ്പെടാം. ഇങ്ങനെ തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.