തൊണ്ടർനാട്:
അടിസ്ഥാന വികസനം ഇല്ലാത്ത ചുരുളി വനഗ്രാമത്തിൽ ദുരിതജീവിതം നയിച്ചു കോളനി നിവാസികൾ. തൊണ്ടർനാട് പഞ്ചായത്ത് ഒന്നാം വാർഡിലെ ഈ ഗ്രാമത്തിൽ അടിസ്ഥാന വികസനം ഇപ്പോഴും അന്യം. വനത്തിനുള്ളിലെ വിവിധയിടങ്ങളിലായി ഗോത്ര വിഭാഗത്തിലെ 55 വീടുകളാണ് ഉള്ളത്. ഇവിടെ 67 കുടുംബങ്ങളിലായി ഇരുനൂറിലധികം പേർ കഴിയുന്നു.
അടിസ്ഥാന സൗകര്യ വികസനം ആവശ്യപ്പെട്ട് പതിറ്റാണ്ടുകളായി ഇവർ മുട്ടാത്ത വാതിലുകൾ ഇല്ല. മന്ത്രിമാർ അടക്കമുള്ള പ്രമുഖർ എല്ലാം ഇവിടെ സന്ദർശനം നടത്തി വാഗ്ദാനം നൽകി പോവുകയാണു പതിവെന്ന് ഇവിടെയുള്ളവർ പറയുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഇവിടേക്കുള്ള റോഡിന്റെ കുറച്ചു ഭാഗം കോൺക്രീറ്റ് ചെയ്തതു മാത്രമാണ് ആകെയുള്ള വികസനം. ഇവർക്കു പുറംലോകത്ത് എത്തണമെങ്കിൽ ഇപ്പോഴും കാൽനട മാത്രമാണ് ആശ്രയം.
പുരാതന കാലത്ത് നിർമിച്ച റോഡുകൾ അതേപടി തന്നെ തുടരുകയാണ് ഇപ്പോഴും. മൺപാത മാത്രമായി തുടരുന്ന വഴികളിൽ മഴക്കാലത്ത് കാൽനട യാത്ര പോലും അസാധ്യമാണ്. ഇവിടെയുള്ളവരുടെ പ്രധാന വരുമാന മാർഗം കൃഷിയാണ്. എന്നാൽ, റോഡ് സൗകര്യം ഇല്ലാത്തതിനാൽ കാർഷികോൽപന്നങ്ങൾ കമ്പോളത്തിൽ എത്തിക്കാൻ വരുന്ന ഭീമമായ കൂലിച്ചെലവു കാരണം വരുമാനം പാതിയാണ്.
കോളനിക്കാർക്കു രോഗം പിടിപെട്ടാൽ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥ. ചുരുളി തോടിനു കുറുകെ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയില്ല. മരത്തടി ഉപയോഗിച്ചു താൽക്കാലികമായി നിർമിച്ച പാലത്തിലൂടെയാണു യാത്ര. കനത്ത മഴയിൽ തോടു കരകവിയുമ്പോൾ യാത്ര മുടങ്ങി ഒരു ഭാഗം ഒറ്റപ്പെടും.
ഈയിടെയായി വന്യമൃഗശല്യവും ചുരുളിയിൽ അതിരൂക്ഷമാണ്. കാട്ടാനയും കാട്ടുപോത്തും കൃഷിനശിപ്പിക്കുന്നു. ചുരുളിയിലെ വെള്ളൻ മൂപ്പൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കാണ് ഈയിടെ രക്ഷപ്പെട്ടത്.
പ്രദേശത്തൊന്നും തെരുവുവിളക്കില്ലാത്തതിനാൽ സന്ധ്യയാകുമ്പോഴേക്കും കൂരിരുട്ടാണ്. സ്കൂൾ വിട്ടുവരുന്ന കുട്ടികൾ പോലും വന്യമൃഗങ്ങളെ പേടിച്ചാണു വീട്ടിലെത്തുന്നത്. കുട്ടികൾക്കുള്ള ഗോത്രസാരഥി വാഹനങ്ങളും ഓടിത്തുടങ്ങിയിട്ടില്ലെന്നു കോളനിവാസികൾ പറഞ്ഞു.
വനഗ്രാമത്തിൽനിന്ന് കിലോമീറ്ററുകളോളം നടന്നാണു കൊച്ചുകുട്ടികളടക്കമുള്ളവർ സ്കൂളിൽ പോകുന്നത്. കൃഷി ചെയ്യാനും വീടുവച്ചു താമസിക്കാനും സ്ഥലം ഉണ്ടെങ്കിലും അവയ്ക്കു കൈവശരേഖ ഇതുവരെ ലഭ്യമായിട്ടില്ല. നിലവിൽ വനാവകാശ രേഖ മാത്രമാണു കൈവശം ഉള്ളത്. ഇക്കാരണത്താൽ ബാങ്ക് വായ്പയടക്കമുള്ള സഹായമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാറില്ല. രേഖകളില്ലാത്തതിനാൽ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും കിട്ടുന്നില്ല.