Mon. Dec 23rd, 2024
ആലപ്പുഴ:

ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 2021ൽ ഇതുവരെ 188 പേർക്ക് എലിപ്പനി ബാധിച്ചെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ആറുപേർ മരിച്ചു. 126ഉം റിപ്പോർട്ട് ചെയ്‍തത് ജൂലൈ മുതൽ നവംബർവരെയാണ്‌. ഇക്കാലയളവിൽ അഞ്ച് മരണമുണ്ടായി.

സെപ്തംബറിലാണ് കൂടുതൽ. 30 എണ്ണം. ഇവരിൽ മൂന്നുപേർ മരിച്ചു. കുറവ് മെയിൽ. രണ്ടുപേർക്ക് മാത്രമാണ് രോഗം. ജൂലൈയിലും ആഗസ്‍തിലും 23 വീതവും ഒക്‍ടോബറിലും നവംബറിൽ ഇതുവരെയും 25 വീതം പേർക്കുമാണ് രോ​ഗം.

എലി, വളർത്തുമൃഗങ്ങൾ തുടങ്ങിയവയുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയും രോഗാണുക്കൾ ശരീരത്തിലെത്തും. എലിപ്പനി നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ അപകടങ്ങളുണ്ടാകില്ലെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. എലി നശീകരണമാണ് നല്ലവഴി. ഭക്ഷണസാധനങ്ങൾ തുറന്നുവയ്‍ക്കരുത്. പനി വന്നാൽ സ്വയംചികിത്സ പാടില്ല.

ഡോക്‌സി സൈക്ലിൻ കഴിച്ചാൽ എലിപ്പനി സാധ്യത ഒഴിവാക്കാം. മലിനജലവുമായി സമ്പർക്കമുള്ള ജോലിചെയ്യുന്നവർ, മത്സ്യസംസ്‌കരണത്തിൽ ഏർപ്പെടുന്നവർ, കെട്ടിടനിർമാണ തൊഴിലാളികൾ, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജോലിചെയ്യുന്നവർ, ക്ഷീരകർഷകർ തുടങ്ങിയവർ നിർബന്ധമായും ഡോക്‌സി സൈക്ലിൻ കഴിക്കണം. ആരോഗ്യവകുപ്പ് ഒക്‌ടോബർ 11 മുതൽ അലേർട്ട് കാമ്പയിൻ തുടങ്ങി. 30 വരെ സാക്ഷരത മിഷനുമായി ചേർന്ന് എലിപ്പനി ബോധവൽക്കരണത്തിൽ 100 ക്ലാസ്‌ സംഘടിപ്പിക്കും. അയൽക്കൂട്ടങ്ങളിലൂടെ ബോധവൽക്കരണം വീടുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്‌ വകുപ്പ് അധികൃതർ.