പെരുമ്പടപ്പ്:
നുറടിത്തോട്ടിൽ ഒഴുക്ക് തടസ്സപ്പെടുത്തുന്ന അനധികൃത ചീനൽ കർഷകർ പൊളിച്ചു നീക്കി. പൊളിച്ചുനീക്കാൻ പരാതി നൽകിയിട്ടും അധികൃതരുടെ നടപടി വൈകിയതിനെ തുടർന്നാണ് കർഷകരുടെ ഇടപെടൽ ഉണ്ടായത്. പൊന്നാനി കോളിൽ ജലം സംഭരിച്ചുവയ്ക്കുന്ന നൂനക്കടവ് പാടശേഖരത്തിനോടു ചേർന്നുള്ള നുറടിത്തോട്ടിലാണ് രീതിയിൽ മത്സ്യബന്ധനം നടത്തുന്നതിനായി അശാസ്ത്രീയമായി ചീനൽ കെട്ടിയത്.
കോളിന്റെ തെക്കൻ മേഖലയിൽ പാടശേഖരങ്ങളിൽ നിന്ന് നുറടിത്തോട്ടിലേക്ക് പമ്പിങ് ആരംഭിച്ചതോടെ നുറാടിത്തോട്ടിൽ ശക്തമായ ഒഴുക്കും ജല നിരപ്പും ഉയർന്നിരുന്നു. ചീനൽ കെട്ടിയുള്ള മത്സ്യബന്ധനത്തെ തുടർന്ന് ഒഴുക്ക് തടസപ്പെടുന്നുണ്ടെന്ന നുനക്കടവ് പാടശേഖര സമിതി പെരുമ്പടപ്പ് കൃഷി ഓഫിസർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയതാണ്.
30 മീറ്റർ നീളത്തിലാണ് ചീനൽ കെട്ടിയിരുന്നത്.
ചീനൽ പൊളിച്ചു നീക്കാതെ വന്നതോടെ ബണ്ടിന് മുകളിൽ വെള്ളം കയറുകയും ബണ്ട് തകർച്ച ഭീഷണി നേരിടുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും നടപടി കാണാത്തതിനെ തുടർന്ന് നുനക്കടവ് പാടശേഖര സമിതി സെക്രട്ടറി എം പോക്കർ, പരൂർ പടവ് സെക്രട്ടറി കെ.ജബ്ബാർ, പൊന്നാനി കോൾ സംരക്ഷണ സമിതി സെക്രട്ടറി കെ എ ജയാനന്ദൻ, ടി കെ ഹസൻ എന്നിവരുടെ നേതൃത്വത്തിൽ ചീനൽ പൊളിച്ചു നീക്കുകയായിരുന്നു.