Thu. May 2nd, 2024
തിരുവനന്തപുരം:

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ നിന്നും എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്യുന്നവരെ പുറത്താക്കി. നിയമന അംഗീകാരം ലഭിക്കുമ്പോള്‍ ഇവരെ പദ്ധതിയില്‍ ചേര്‍ത്താല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആരെയെങ്കിലും ചേര്‍ത്തിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കും.

ഇവരൊഴികെ മറ്റെല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പദ്ധതി നിര്‍ബന്ധമാക്കി ധനകാര്യ-പെന്‍ഷന്‍ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. മെഡിസെപ്പിന്റെ വിവരശേഖരണ പരിശോധനയുമായി ബന്ധപ്പെട്ടാണ് ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നിയമന അംഗീകാരം ലഭിക്കാത്ത ജീവനക്കാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അടിയന്തരമായി പട്ടിക ധനകാര്യ വകുപ്പിനെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഇതോടെ നിയമന അംഗീകാരം ലഭിക്കാതെ വര്‍ഷങ്ങളായി എയ്ഡഡ് സ്‌കൂളുകളിലും കോളജിലും ജോലി ചെയ്യുന്ന അധ്യാപക-അനധ്യാപകരുള്‍പ്പെടെ പദ്ധതിയില്‍ നിന്ന് പുറത്താകും. ഇതോടൊപ്പം മെഡിസെപ്പ് പദ്ധതി എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിര്‍ബന്ധമാക്കുകയും ചെയ്തു. ഇതുവരെ പദ്ധതിയില്‍ അഗമാകാത്തവര്‍ ആശ്രിതരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ 2021 ഡിസംബര്‍ 20നകം നിര്‍ബന്ധമായും പദ്ധതിയില്‍ അംഗമാകണം. പദ്ധതിക്കെതിരെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ ആക്ഷേപമുന്നയിച്ചിരുന്നു. മെഡിസെപ്പ് നിര്‍ബന്ധമാക്കിയതോടെ ഇവരും ഇനി പദ്ധതിയില്‍ അംഗമാകേണ്ടിവരും.