Sun. Jan 19th, 2025
ബെംഗളൂരു:

ആന്ധ്രയിലും കര്‍ണാടകയിലും കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറി വില കുതിക്കുന്നു. കേരളത്തിലേക്കുള്ള പച്ചക്കറികള്‍ക്കും അരിക്കും ദിവസങ്ങള്‍ക്കിടെ 35 ശതമാനത്തോളം വില കൂടി. വ്യാപക വിളനാശവും ചരക്കു നീക്കം കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണം.

തക്കാളിക്ക് പഴയ വില 45-50 രൂപയായിരുന്നത് ഇപ്പോൾ 85-100 രൂപയാണ്. കാരറ്റ് വില 50-60 രൂപയെന്ന പഴയ നിരക്കിൽ നിന്ന് 90-100 രൂപയായി ഉയർന്നു. സവാള 25-30 എന്നായിരുന്നു മുൻപത്തെ നിരക്ക്. ഇപ്പോൾ വില 60-70 ആയി മാറി.

വെണ്ടയ്ക്ക 40-50 രൂപയിൽ നിന്ന് 75-85 എന്ന നിലയിലേക്ക് ഉയർന്നു. പച്ചമുളക് 35-45 എന്നായിരുന്നു പഴയ വില നിലവാരം. ഇതിപ്പോൾ 80-100 രൂപയെന്ന നിലയിലായി. ബീറ്റ്റൂട്ട് 30-40 രൂപയിൽ നിന്ന് 55-65 രൂപയിലേക്കും ഉയർന്നു. 35 രൂപയായിരുന്ന മട്ട അരി ഇപ്പോൾ 44 രൂപയാണ്. വെള്ള അരിക്ക് 51 രൂപയായിരുന്നത് 57 രൂപയായി ഉയർന്നു.

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലെ വെള്ളപ്പൊക്കത്തില്‍ 2000 ഹെക്ടറിലേറെ കൃഷി നശിച്ചു. ഇതോടെ അരി വിലയും ഉയര്‍ന്നു. മട്ട അരിക്ക് കിലോക്ക് 8 മുതല്‍ 12 രൂപ വരെ കൂടി. വെള്ളപ്പൊക്കത്തില്‍ വ്യാപക വിളനാശമുണ്ടായതോടെ അരി വില ഇനി വരുന്ന ആഴ്ചകളിലും കുറയാന്‍ സാധ്യതയില്ലെന്ന് വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു.