മേപ്പാടി:
എരുമക്കൊല്ലി പ്രദേശത്ത് കാട്ടാനക്കൂട്ടം വിഹരിക്കുന്നതിനാൽ ജനം ഭീതിയിൽ. നാലഞ്ചു ദിവസങ്ങളായി ഏഴ് ആനകളടങ്ങിയ കൂട്ടം പ്രദേശത്തുണ്ട്. വനംവകുപ്പധികൃതർ ആനകളെ തുരത്തിയാലും അവ പിന്നീട് തിരിച്ചെത്തുന്നത് അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നു.
ഗവ എൽ പി സ്കൂളിന് സമീപത്തെ വനപ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നതിനാൽ സ്കൂളിന് തിങ്കളാഴ്ച രാവിലെതന്നെ അധികൃതർ അവധി നൽകി. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുരേഷ് കുമാറിൻറെ നേതൃത്വത്തിൽ വനം വകുപ്പധികൃതർ സൈറൺ മുഴക്കിയും പടക്കം പൊട്ടിച്ചും രാവിലെ മുതൽ ആനകളെ തുരത്താനുള്ള ശ്രമത്തിലേർപ്പെട്ടെങ്കിലും വൈകീട്ട് ആറോടെയാണ് ആനക്കൂട്ടം ചെമ്പ്ര വനമേഖലയിലേക്ക് പിൻവാങ്ങിയത്.
ആനകൾ നാട്ടിലിറങ്ങുന്നതിനെ പ്രതിരോധിക്കാൻ വനംവകുപ്പ് പ്രഖ്യാപിച്ച പദ്ധതികളൊന്നും തുടങ്ങാനായിട്ടില്ല. എം എൽ എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. എന്നാൽ, ഒരു പദ്ധതിയും പുതുതായി ആരംഭിച്ചിട്ടില്ല. ആനക്കൂട്ടം ഇടക്കിടെ നാട്ടിലിറങ്ങി ഭീതിപരത്തുകയാണ്.
മേപ്പാടി റേഞ്ചിലേക്ക് ഒരു ഡ്രോൺ അനുവദിച്ചതായി സൂചനയുണ്ടെങ്കിലും അതുപയോഗിച്ച് ആനകളുടെ നീക്കം മനസ്സിലാക്കി തുരത്താനും കഴിയുന്നില്ല. എരുമക്കൊല്ലി ഒന്ന്, എരുമക്കൊല്ലി രണ്ട്, പുഴമൂല പ്രദേശങ്ങളിൽ മിക്ക ദിവസങ്ങളിലും ആനകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രഖ്യാപിക്കപ്പെട്ട പ്രതിരോധ പദ്ധതികൾ ഉടൻ പ്രാവർത്തികമാക്കണമെന്ന ആവശ്യം ശക്തമാണ്.