Fri. Apr 19th, 2024
മൂന്നിലവ്:

പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളായ മേച്ചാൽ, വാളകം, കോലാനി തോട്ടം, നെല്ലാപ്പാറ, പഴുക്കാക്കാനം പ്രദേശങ്ങൾ ഒറ്റപ്പെട്ടിട്ട് ഒന്നര മാസമാകുന്നു. പ്രദേശങ്ങളിലേക്കുള്ള ഏക സഞ്ചാര മാർഗമായിരുന്ന മൂന്നിലവ്, മേച്ചാൽ, ചക്കിക്കാവ് പൊതുമരാമത്തു വകുപ്പ് റോഡും മൂന്നിലവു കടപുഴയാർ പാലവും കഴിഞ്ഞ മാസം 16ന് ഉണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ഒലിച്ചു പോയതോടെയാണു ഈ പ്രദേശം പുറം ലോകവുമായി ഒറ്റപ്പെട്ടത്. ഭൂരിഭാഗവും ഗിരിവർഗക്കാരും കൂലിവേല ചെയ്തു ജീവിക്കുന്നവരും താമസിക്കുന്ന പ്രദേശമാണിത്.

പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ബാങ്കുകൾ കുടുംബാരോഗ്യ കേന്ദ്രം, ചികിത്സാ കേന്ദ്രങ്ങൾ, കൃഷി, മൃഗസംരക്ഷണ ഓഫിസ് എന്നിവിടങ്ങളിൽ എത്തണമെങ്കിൽ കടപുഴ പാലം കടന്നു മൂന്നിലവിൽ എത്തണം. പാലവും റോഡും തകർന്നതോടെ കാഞ്ഞിരംകവല മേലുകാവ്, കളത്തൂക്കടവു വഴി 24 കിലോമീറ്റർ സഞ്ചരിച്ചു വേണം മൂന്നിലവിലെ ഈ സ്ഥാപനങ്ങളിൽ എത്താൻ. കാൽനട യാത്രയായി കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ ബസ് റൂട്ടിലെത്താൻ സാധിക്കൂ.

മൂന്നിലവ്, വാകക്കാട്, ഈരാറ്റുപേട്ട പാലാ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ഈ യാത്രാ ക്ലേശം അനുഭവിക്കുകയാണ്. ദുരന്ത നിവാരണത്തിൽപെടുത്തി പാലവും റോഡും പുനർ നിർമിക്കുന്നതിനു ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും നടപടിയില്ല. പ്രദേശത്തെ 800ൽ അധികം കുടുംബങ്ങൾക്കു ഗതാഗത സൗകര്യമൊരുക്കാൻ മൂന്നിലവ്– കടപുഴ ആറിനു കുറുകെ പാലം നിർമിക്കണമെന്നും ഒലിച്ച് പോയ റോഡ് പുനർനിർമിക്കണമെന്നും ആണു നാട്ടുകാരുടെ ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭം നടത്താനും തീരുമാനിച്ചു. .