Sat. Nov 23rd, 2024
ചിറ്റാർ:

മുകളിൽ മലയണ്ണാനും കുരങ്ങും. താഴെ കാട്ടുപോത്തും കാട്ടാനയും. കിഴക്കൻ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം പൊറുതിമുട്ടി കർഷകർ.

മൃഗങ്ങൾ കൂട്ടമായി കാടിറങ്ങി കൃഷിയൊന്നാകെ നശിപ്പാക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വനം വകുപ്പ് അധികൃതര്‍ക്ക് പലവട്ടം പരാതി നല്‍കിയിട്ടും ഒരു രക്ഷയുമില്ല. കാട്ടുമൃഗങ്ങളുടെ കടന്നു കയറ്റത്തിൽ കർഷകർ കൃഷി കൈയൊഴിയുന്നു.

തെങ്ങ് അടക്കം മരങ്ങളിൽ വാനരക്കൂട്ടങ്ങളുടെ വിളയാട്ടവും താഴെ മണ്ണിൽ കാട്ടുപന്നി, കാട്ടുത്ത്, കാട്ടാന എന്നിവയുടെ രൂക്ഷമായ ആക്രമണവും തുടരുന്നു. ഇടവിള കൃഷിയും പച്ചക്കറി കൃഷിയും നശിപ്പിക്കാൻ മുള്ളൻപന്നിയും മയിലുകളും. തേക്കുതോട്, മൂർത്തമൺ, കോട്ടപ്പുറം, താഴെ പൂച്ചക്കുളം, മേലേ പൂച്ചക്കുളം, തണ്ണിത്തോട്, മണ്ണീറ, മേക്കണ്ണം, സീതത്തോട്, ഗുരുനാഥൻമണ്ണ്,കുന്നം, സീതകുഴി, ആങ്ങമൂഴി, കൊച്ചുകോയിക്കൽ,നാലാം ബ്ലോക്ക്,ആനചന്ത, പഞ്ഞിപ്പാറ കോട്ടമൺപാറ, മൂന്നുകല്ല്, ചിറ്റാർ, വയ്യാറ്റുപുഴ, തെക്കേക്കര, കൊടുമുടി, പടയണിപ്പാറ, തേരകത്തുംമണ്ണ്, വില്ലന്നിപ്പാറ, മൺപിലാവ്, ആറാട്ടുകുടുക്ക, കുളങ്ങരവാലി, നീലിപിലാവ്, കട്ടച്ചിറ, കുടപ്പന, കാരികയം തുടങ്ങിയ പ്രദേശങ്ങളിലെ വന്യമൃഗശല്യം കർഷകരുടെ ജീവിതം വഴിമുട്ടിക്കുന്ന അവസ്ഥയിലായി.

ചിറ്റാർ,സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലായി ഏക്കർ കണക്കിന്‌ കൃഷിയിടങ്ങളിലാണ് കൃഷിനാശം പതിവാകുന്നത്.
നൂറുമേനി വിളഞ്ഞിരുന്ന തെങ്ങുകളിൽ ഒറ്റ കരിക്കുപോലും പറിച്ചെടുക്കാൻ ഇല്ല. എല്ലാം കുരങ്ങൻമാരും മലയണ്ണാനും നശിപ്പിക്കുന്നു. ചേമ്പ്, ചേന, കപ്പ, വാഴ, റബർ, കുരുമുളക് കൊടി തുടങ്ങിയവ കാട്ടാന കൂട്ടങ്ങളും കാട്ടുപോത്തുകളും കാട്ടുപന്നിക്കൂട്ടങ്ങളും നശിപ്പിക്കുന്നു.

വേല ചെയ്ത കൃഷികൾ നശിച്ചത് കണ്ട് നെടുവീർപ്പിടുകയാണ് കർഷകർ. വിളവെടുക്കാറായ കുരുമുളക് വള്ളികളിൽ കുരങ്ങൻമാർ കയറിയിറങ്ങി നശിപ്പിക്കുന്നതും പതിവുകാഴ്ചയാണ്.
ചേമ്പും ചേനയും കപ്പയും വാഴയും സമൃദ്ധമായി കൃഷിചെയ്തിരുന്ന പ്രദേശങ്ങളിൽനിന്ന് ഇവയെല്ലാം പടിയിറങ്ങിക്കൊണ്ടിരിക്കുന്നു. ജീവിതാധ്വാനം മുഴുവൻ പാഴായിപ്പോകുന്നതിൽ കണ്ണീർ പൊഴിക്കാനേ കർഷകർക്ക് കഴിയുന്നുള്ളൂ.