Sat. Apr 20th, 2024
‌വൈത്തിരി:

കെഎസ്ആർടിസി ഓർഡിനറി ബസുകൾ പിൻവലിച്ചതിനെ തുടർന്ന് വൈത്തിരി, ലക്കിടി മേഖലകളിലെ വിദ്യാർത്ഥികൾ ദുരിതത്തിൽ. ആവശ്യത്തിനു സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ കോഴിക്കോട്–വയനാട് റൂട്ടിലെ ഓർഡിനറി ബസുകളാണ് ഈ മേഖലകളിലെ വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്നത്. ലോക്ഡൗണിനു ശേഷം ബസ് സർവീസുകൾ പുനരാരംഭിച്ചപ്പോൾ കെഎസ്ആർടിസി ഈ റൂട്ടിലെ ബസുകളൊക്കെ ‘ടൗൺ ടു ടൗൺ’ ആക്കി മാറ്റുകയായിരുന്നു.

ഈ ബസുകളിൽ വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കില്ല. ഓർഡിനറി ഫെയർ സ്റ്റേജ് മാത്രമുള്ള സ്റ്റോപ്പുകളിൽ  ടൗൺ ടു ടൗൺ ബസുകൾ നിർത്തുന്നുമില്ല.  വൈത്തിരി ടൗണിൽ മാത്രമേ ടൗൺ ടു ടൗൺ ബസിനു സ്റ്റോപ് അനുവദിച്ചിട്ടുള്ളൂ.

ടൗൺ ടു ടൗൺ സർവീസ് ആയതിനാൽ ഇരട്ടി ചാർജും നൽകണം. ലക്കിടി, തളിപ്പുഴ, പഴയ വൈത്തിരി മേഖലകളിലുള്ള വിദ്യാർത്ഥികൾ ടാക്സി വാഹനങ്ങളിൽ കയറി വൈത്തിരിയിലെത്തിയാണു ബസുകളിൽ കയറുന്നത്.ഈ മേഖലകളിലെ ഒട്ടേറെ വിദ്യാർത്ഥികൾ കൽപറ്റ, ബത്തേരി, മീനങ്ങാടി, പനമരം, മാനന്തവാടി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം നടത്തുന്നുണ്ട്.

യാത്രാ ചെലവ് താങ്ങാവുന്നതിലപ്പുറമായതിനാൽ പലരുടെയും അധ്യയനം താളംതെറ്റി. കോഴിക്കോട് നിന്നു ബത്തേരിയിലേക്ക് രാവിലെ 6നും 7നും ഇടയിൽ പുറപ്പെടുന്ന ബസുകൾ ഓർഡിനറി സർവീസുകളാക്കി യാത്രാക്ലേശം പരിഹരിക്കണമെന്നാണു വിദ്യാർത്ഥികളുടെ ആവശ്യം. അല്ലാത്തപക്ഷം രാവിലെ 8നു ലക്കിടി മുതൽ ബത്തേരി വരെ ഓർഡിനറി സർവീസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് രക്ഷിതാക്കളുടെ കൂട്ടായ്മ ജില്ലാ ട്രാൻസ്പോർട് ഓഫിസർക്കു നിവേദനം നൽകിയിട്ടുണ്ട്. യാത്രാദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ എന്നിവയ്ക്കു പരാതി നൽകാനുള്ള തയാറെടുപ്പിലാണു വിദ്യാർത്ഥികൾ.