Fri. Nov 22nd, 2024
അമേരിക്ക:

അമേരിക്കയില്‍ വീണ്ടും കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് കേസുകളില്‍ ഭയാനകമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പല ദിവസങ്ങളിലും ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം.

കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി പ്രതിദിന രോഗബാധിതരുടെ എണ്ണം 95,000 ആണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 50% വര്‍ധന രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്. അവധി ആഘോഷിക്കാനായി ജനങ്ങള്‍ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് പുറത്തിറങ്ങിയതാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

അതേസമയം, കൊവിഡ് വ്യാപിച്ചതോടെ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. അയല്‍രാജ്യമായ ജര്‍മനിയും ഉടന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. സാമൂഹ്യ സമ്പര്‍ക്കം കുറക്കണമെന്നും വാക്സിനേഷന്‍ സ്വീകരിച്ചതുകൊണ്ട് മാത്രം കൊവിഡിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.