Fri. Nov 22nd, 2024
ന്യൂഡൽഹി:

കേന്ദ്ര ഏജൻസികളുടെ കാലാവധി നീട്ടുന്ന ഓർഡിനൻസിനെതിരെ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി ബിഐ എന്നീ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിനൽകുന്നതിനെ ചോദ്യം ചെയ്തു കൊണ്ടാണ് മൊയ്ത്ര ഹരജി സമർപ്പിച്ചത്. സി ബി ഐയുടെയും ഇ ഡിയുടേയും സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും ആക്രമിക്കുന്നതാണ് കേന്ദ്രത്തിൻറെ ഓർഡിനൻസ്.

കേന്ദ്ര സർക്കാറിൻറെ ഈ ഓർഡിനൻസ് ഏജൻസികളുടെ സത്യസന്ധമായ അന്വേഷണത്തിനേയും ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയേയും ചോദ്യം ചെയ്യുന്നതാണെന്നും ഹരജിയിൽ പറഞ്ഞു. ഓർഡിനൻസ് പ്രകാരം രണ്ട് കേന്ദ്ര ഏജൻസികളുടെയും ഡയറക്ടർമാർക്ക് നിലവലിൽ ഉണ്ടായിരുന്ന രണ്ടു വർഷത്തെ കാലാവധി അഞ്ചു വർഷമാക്കി ഉയർത്തിയിട്ടുണ്ട്. ഇന്ന് വിരമിക്കാനിരിക്കുന്ന ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രക്ക് കഴിഞ്ഞ ദിവസമാണ് ഒരു വർഷത്തേക്ക് കാലാവധി നീട്ടി നൽകിയത്.

കേന്ദ്ര അന്വേഷണ ഏജൻസി ഡയറക്ടർമാരുടെ കാലാവധി നീട്ടിയ കേന്ദ്ര സർക്കാറിന്‍റെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ഭരണം നിലനിർത്താനും തട്ടിയെടുക്കാനും ഇ ഡിയേയും സി ബി ഐയെയും സർക്കാർ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, തൃണമൂൽ കോൺഗ്രസ് ഓർഡിനൻസിനെതിരെ രാജ്യസഭയിൽ വിഷയം അവതരിപ്പിക്കാൻ നോട്ടീസ് സമർപ്പിച്ചു.