Fri. Nov 22nd, 2024
കൊച്ചി:

ന്യൂനമർദ്ദങ്ങളുടെ ഭാഗമായ മഹാമാരികളും തുലാമഴയും പെയ്‌തു; പതിവിലും ശക്തമായി. സംസ്ഥാനത്തിന്റെ പലപ്രദേശങ്ങളും വെള്ളക്കെട്ടിലും ദുരിതത്തിലുമായപ്പോൾ കൊച്ചിനഗരം പതിവുപോലെ മഴക്കെടുതി വാർത്തകളിലൊന്നും സ്ഥാനം പിടിച്ചില്ല. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളുടെ ഭാഗമായി നഗരത്തിൽ അങ്ങിങ്ങ്‌ ചെറിയ വെള്ളക്കെട്ടുകൾ ഉണ്ടായതൊഴിച്ചാൽ എല്ലാം ഭദ്രം.

മുൻ യുഡിഎഫ്‌ കൗൺസിലിന്റെ അവസാനവർഷത്തിൽ സംസ്ഥാന സർക്കാരും ഇപ്പോഴത്തെ എൽഡിഎഫ്‌ കൗൺസിലും നടപ്പാക്കിയ പദ്ധതികളിലൂടെയാണ്‌ നഗരം വെള്ളക്കെട്ടിൽനിന്ന്‌ കരകയറിയത്‌. വെള്ളക്കെട്ട്‌പ്രശ്‌നം പൂർണമായി പരിഹരിക്കാനുള്ള പ്രവർത്തനങ്ങളിൽതന്നെയാണ്‌ പുതിയ കൊച്ചി നഗരസഭാ നേതൃത്വം.2019 ഒക്‌ടോബർ 21 നഗരം ഒരിക്കലും മറക്കാനിടയില്ല.

പ്രധാന നഗരപാതകളും റെയിൽവേ സ്‌റ്റേഷനും കലൂർ വൈദ്യുതിനിലയവും ഉൾപ്പെടെ വെള്ളത്തിലായ രാപകൽ. എറണാകുളം ഉപതിരഞ്ഞെടുപ്പ്‌ വോട്ടെടുപ്പുദിവസം നൂറുകണക്കിന്‌ വീടുകൾ വെള്ളത്തിലായിട്ടും ഒന്നുംചെയ്യാനില്ലാതെ നഗരഭരണനേതൃത്വം ഉറക്കത്തിലാണ്ട ദിവസം. അക്ഷരാർത്ഥത്തിൽ ജനജീവിതം സ്‌തംഭിച്ച മണിക്കൂറുകളിൽ സർക്കാർ നടത്തിയ അടിയന്തര ഇടപെടലാണ്‌ നഗരത്തിന്‌ ആശ്വാസമായത്‌.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശം ഏറ്റെടുത്ത്‌ കലക്ടറും വിവിധ വകുപ്പുജീവനക്കാരും വിശ്രമംമറന്ന്‌ രംഗത്തിറങ്ങി. ഓപ്പറേഷൻ ബ്രേക്‌ത്രൂ എന്ന പേരിൽ നാലുമണിക്കൂർ നീണ്ട അധ്വാനത്തിലൂടെ വെള്ളക്കെട്ടിന്‌ പരിഹാരമായി. ഒപ്പം വെള്ളക്കെട്ടിന്‌ ശാശ്വതപരിഹാരമുണ്ടാക്കാൻ  സമഗ്രപദ്ധതിയും പ്രഖ്യാപിച്ചു.

അതിന്റെ തുടർച്ചയിൽ കാനകളും തോടുകളും വൃത്തിയാക്കി. ഇടുങ്ങിയവ വീതികൂട്ടി. അറ്റകുറ്റപ്പണി നടത്തി. ആവശ്യമായിടത്ത്‌ പുതിയവ നിർമിച്ചു. 

ആകെ 201 നിർമാണപ്രവൃത്തികളാണ്‌ അതിലൂടെ നഗരപ്രദേശത്ത്‌ പൂർത്തിയായത്‌.
ഓപ്പറേഷൻ ബ്രേക്‌ത്രൂ പദ്ധതിയിൽ അവശേഷിക്കുന്നത്‌ മുല്ലശേരി കനാൽ നവീകരണമാണ്‌. അത്‌ വേഗത്തിലാക്കാൻ ആവശ്യമായ തീരുമാനങ്ങൾ നഗരസഭ സ്വീകരിച്ചുകഴിഞ്ഞു.