തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാനൊരുങ്ങുന്നു. നിരക്ക് വർധിപ്പിച്ചാൽ മാത്രമേ ബോർഡിന്റെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കാൻ സാധിക്കൂവെന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചതിനു ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചിട്ടുണ്ട്.
‘ചെറുതായെങ്കിലും നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അത്തരത്തിലൊരു സാഹചര്യമാണുള്ളത്. ക്രോപ്പ് സബ്‌സിഡി അടക്കം നൽകാൻ മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ചിട്ടേ കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ.’ വൈദ്യുതി മന്ത്രി വ്യക്തമാക്കി.
ഡിസംബര്‍ 31ന് മുമ്പ് വർധിപ്പിക്കുന്ന നിരക്ക് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷന്‍ സമ്മർപ്പിക്കാൻ വൈദുതി ബോർഡിനോട് റെഗുലേറ്ററി നിർദേശിച്ചിട്ടുണ്ട്. ഇതിൽ ഹിയറിങ് നടത്തിയതിനു ശേഷം റെഗുലേറ്ററി കമ്മിഷനാണ് നിരക്ക് വർധനവ് സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കുക. പുതുക്കിയ നിരക്ക് അടുത്ത വർഷം ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. 2019 ജൂലൈയിലായിരുന്നു അവസാനമായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നത്.