Wed. Jan 22nd, 2025
തിരുവനന്തപുരം:

പൊന്‍മുടിയില്‍ പൊളിഞ്ഞുവീഴാറായ അവസ്ഥയില്‍ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള റേഷന്‍കട . മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുളച്ചിക്കരയിലെ ഈ പൊതുവിതരണ കേന്ദ്രമാണ് തൊഴിലാളികളുടെ ഏക ആശ്രയം. നിരവധി തവണ അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് റേഷന്‍കട ഉടമ പറയുന്നു.

മഴ പെയ്താൽ പാത്രങ്ങൾ തട്ടിൻ പുറത്ത് വച്ച് മഴ വെള്ളം പിടിച്ച് പുറത്ത് കളയണം. ഇല്ലെങ്കിൽ തൊഴിലാളികൾക്ക് കൊടുക്കുന്ന അരിയും സാധനങ്ങളും മഴവെള്ളം വീണ് നശിക്കും. ഓടിട്ട കെട്ടിടത്തിന്‍റെ മേല്‍ക്കൂര പൂര്‍ണമായും നശിച്ചു.

മേല്‍ഭാഗം ടാര്‍പോളിന്‍ വച്ച് മറച്ചിരിക്കുന്നു. അതും എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പൊൻമുടിയിൽ മഴ പതിവായതോടെ ഏറെ ബുദ്ധിമുട്ടിയാണ് റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്നത്. വലിയ അളവില്‍ സാധനങ്ങള്‍ മഴവെള്ളം വീണ് നശിച്ചുപോയെന്നും കടയുടമ പറയുന്നു.