Wed. Jan 22nd, 2025
ജനീവ:

അമേരിക്കൻ ഔഷധ ഭീമനായ ഫൈസർ ഉടൻ പുറത്തിറക്കാനിരിക്കുന്ന കൊവിഡ്​ മരുന്ന്​ റോയൽറ്റി നൽകാതെ മറ്റുള്ളവർക്കും നിർമിക്കാൻ അനുമതി. നിലവിൽ അവസാനവട്ട പരീക്ഷണഘട്ടത്തിലു​ള്ള ആൻറിവൈറൽ ഗുളികയായ ‘പാക്​സ്ലോവിഡ്​’ മറ്റ്​ ജനറിക്​ ഔഷധ കമ്പനികൾക്കും നിർമിക്കാൻ അനുമതി ലഭിച്ചതോടെ കുറഞ്ഞ വിലയിൽ ഇത്​ ജനങ്ങളിലേക്കെത്തും.

ലോകത്തെ 53ശതമാനം ജനങ്ങൾക്ക്​ ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്ന്​, ഫൈസറുമായി ഇതു സംബന്ധിച്ച ചർച്ചക്ക്​ മുൻകൈയെടുത്ത ഗ്ലോബൽ മെഡിസിൻസ്​ പേറ്റൻറ്​ പൂൾ (എം പി പി) പറഞ്ഞു. ​ഐക്യരാഷ്​ട്രസഭയുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന സംഘടനയാണിത്​.

ഈ മരുന്നിന്​ റോയൽറ്റി വേണ്ടെന്ന്​ ഫൈസർ സമ്മതിച്ചു. കൊവിഡ്​ ബാധകൊണ്ട്​ രോഗം ഗുരുതരമാകാനുള്ള സാധ്യത 89 ശതമാനം കുറക്കാൻ കഴിയുമെന്ന്​ നിലവിലെ പരീക്ഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ടെന്നാണ്​ കമ്പനി പറയുന്നത്​.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണം പൂർത്തിയാവുകയും അനുമതി ലഭിക്കുകയും ചെയ്യുന്ന മുറക്ക്​ ഇത്​ മറ്റുള്ളവർക്കും നിർമിക്കാം. അനുമതി ലഭിച്ചുകഴിഞ്ഞാൽ ഏതാനും മാസങ്ങൾക്കകം മരുന്ന്​ ലോകവിപണിയിൽ എത്തും.