Thu. Mar 28th, 2024
കൊച്ചി:

സാഗരറാണിയും നെഫർറ്റിറ്റിയുമടക്കമുള്ള ആഡംബര ബോട്ടുകൾക്കൊപ്പം കൊച്ചിയുടെ ജലപ്പരപ്പ്‌ കീഴടക്കാൻ ‘സൂര്യാംശു’ എത്തി. കേരളത്തിലെ ആദ്യ സൗരോർജ വിനോദസഞ്ചാര യാനം ഇനി കൊച്ചി കായലിൽ സഞ്ചാരികളെ വരവേൽക്കും. കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിന്റെ  (കെഎസ്‌ഐഎൻസി) ഉടമസ്ഥതയിലുള്ള യാനം കൊച്ചിയിലെത്തി.

ശ്രീലങ്കയിലെ സൊലാസ്‌ മറൈൻ ലങ്ക പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കപ്പൽനിർമാണ സ്ഥാപനമാണ്‌ യാനം നിർമിച്ചത്‌. സൗരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ ‘സൂര്യാംശു’ എന്ന പേര്‌ കെഎസ്‌ഐഎൻസി നൽകുകയായിരുന്നു. ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാൻ ഇരട്ട ‘ഹൾ’ ഉള്ള ആധുനിക കറ്റമരൻ സാങ്കേതികവിദ്യയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

രണ്ട്‌ ഡെക്കുകളിലായി എയർകണ്ടീഷൻ സൗകര്യത്തിൽ നൂറുപേർക്ക്‌ സഞ്ചരിക്കാം. കെഎസ്‌ഐഎൻസിയുടെ ജെട്ടിയിൽ എത്തിച്ച ‘സൂര്യാംശു’വിന്‌ കുറച്ച്‌ മിനുക്കുപണികൾകൂടി പൂർത്തിയാക്കാനുണ്ട്‌. ഇതും സാങ്കേതിക പരിശോധനകളും പൂർത്തിയാക്കി രണ്ടു മാസത്തിനുള്ളിൽ സർവീസ്‌ ആരംഭിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

യാനം വാങ്ങിയതുൾപ്പെടെ 3.4 കോടി രൂപയുടേതാണ്‌ പദ്ധതി. രണ്ട്‌ സാഗരറാണികൾ, നെഫർറ്റിറ്റി എന്നീ യാനങ്ങൾ ഇപ്പോൾ കെഎസ്‌ഐഎൻസിക്കുണ്ട്‌. ഇതിനൊപ്പമാണ്‌ സോളാർപ്രൗഢിയിൽ ‘സൂര്യാംശു’വും ഓളപ്പരപ്പിലെത്തുക.