Fri. Apr 19th, 2024
കൊല്ലം:

മഴക്കാലത്തു നഗരത്തിൽ ‘ചെടിക്കള്ളന്മാർ’ വിലസുന്നു. നഗരത്തിലെ നഴ്സറികളിൽ നിന്നു ചെടികൾ കൂട്ടത്തോടെ മോഷണം പോകുന്നതു പതിവായി. പുതിയ മോഷണ രീതി കണ്ട് അന്തം വിട്ടു നിൽക്കുകയാണ് പൊലീസും.

കടപ്പാക്കടയിലും ഉപാസന ആശുപത്രിക്കു സമീപത്തുമുള്ള 2 നഴ്സറികളിൽ നിന്നായി 10000 രൂപ വിലമതിക്കുന്ന ചെടികൾ കഴിഞ്ഞ ദിവസങ്ങളിൽ മോഷണം പോയി. വീടുകളിൽ നിന്നു വിലയേറിയ അലങ്കാരച്ചെടികൾ മോഷണം പോകുന്നതായും പരാതിയുണ്ട്. നഴ്സറി ഉടമകൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ സിസി ടിവി ദൃശ്യ പരിശോധനയിൽ പിക്ക് അപ് വാനിലെത്തി ചെടികൾ മോഷ്ടിക്കുന്ന രണ്ടംഗ സംഘത്തെ കണ്ടെത്തിയിരുന്നു.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ആർ രതീഷ് പറഞ്ഞു. പകൽ സമയങ്ങളിൽ ചെടികൾ നോക്കി വാങ്ങാനെന്ന വ്യാജേന എത്തുന്നവരാകാം ഇതിനു പിന്നിലെന്നു സംശയിക്കുന്നതായി നഴ്സറി ഉടമകൾ പറയുന്നു. സന്ധ്യയ്ക്ക് പ്രവർത്തനം അവസാനിപ്പിക്കുന്ന നഴ്സറികളുടെ കവാടങ്ങൾ അടച്ചു പൂട്ടുക മാത്രമാണു ചെയ്യാറുള്ളത്. കാവലിന് ആളെയും നിർത്താറില്ല.

ചെടിച്ചട്ടികൾ ഉൾപ്പെടെയാണ് മോഷ്ടാക്കൾ കൊണ്ടു പോകുന്നത്. കൊവിഡ് കാലമായതോടെ പൂന്തോട്ട പരിപാലനത്തിനു പ്രിയമേറിയതിനാൽ വൻ വില കൊടുത്താണ് പലരും വീടുകളിൽ അലങ്കാരച്ചെടികൾ വച്ചു പിടിപ്പിക്കുന്നത്. ഇതോടെ നഴ്സറികളിൽ കച്ചവടവും പൊടിപൊടിക്കുകയായിരുന്നു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.